നാളെ മഞ്ഞ ജാഗ്രത

നാളെ മഞ്ഞ ജാഗ്രത
പാലക്കാട്
ജില്ലയിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വെള്ളി, ശനി ദിവസങ്ങളിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർവരെ വേഗതയിൽ ശക്തമായ കാറ്റിനും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. വേനൽമഴയ്‌ക്കിടെ ഉണ്ടാകുന്ന ഇടിമിന്നലിനെ നിസാരമായി കാണരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശമുണ്ട്. കഴിഞ്ഞദിവസം മലപ്പുറത്ത് നാല് വിദ്യാർഥികൾ ഇടിമിന്നലേറ്റ് മരിച്ചിരുന്നു. ഇടിമിന്നലിന്റെ ആദ്യലക്ഷണം കണ്ടാൽ ഉടൻ തുറസായ സ്ഥലങ്ങളിൽനിന്ന് സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. കെട്ടിടത്തിലേക്ക് മാറാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്കിടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക. ജലാശയങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കണം. വീട്ടിലായാലും ഓഫീസുകളിലായാലും ജനലും വാതിലും അടച്ചിടണം. വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്. ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിച്ച് ഉപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കണം. ടെലിഫോൺ ഉപയോഗവും അരുത്. മിന്നലുള്ളപ്പോൾ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഒഴിവാക്കണം. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്രകൾ ഒഴിവാക്കണം. കാറുകളിൽ യാത്ര ചെയ്യുമ്പോൾ കൈകാലുകൾ പുറത്തിടാതിരിക്കുക. അപകടം ഒഴിവാക്കാൻ കെട്ടിടങ്ങൾക്കുമുകളിൽ മിന്നൽ രക്ഷാചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്‌ക്കായി സർജ് പ്രൊട്ടക്ടറുകളും ഘടിപ്പിക്കാം. ഇടിമിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തയ്യാറാക്കിയ ‘ദാമിനി’ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാം. ഭിന്നശേഷിക്കാർക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഒൗദ്യോഗിക യുട്യൂബ് ചാനലിലൂടെ പ്രത്യേക സന്ദേശങ്ങൾ പരിശോധിക്കാം.










0 comments