ad
Deshabhimani

പാലക്കാട്‌ കോച്ച്‌ ഫാക്ടറി യുഡിഎഫ്‌ സർക്കാരിന്റെ നിലപാട്‌ എന്ത്‌

വി കെ ശ്രീകണ്‌ഠൻ 
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു

കോച്ച് ഫാക്ടറിക്കായി എൽഡിഎഫ് സർക്കാർ കെെമാറിയ സ്ഥലം
വെബ് ഡെസ്ക്

Published on Jul 11, 2026, 02:00 AM | 2 min read

പ്രത്യേക ലേഖകൻ

പാലക്കാട്‌

കോച്ച്‌ ഫാക്ടറി വാഗദാനം നൽകി വഞ്ചിച്ച കോൺഗ്രസിന്റെ പ്രതിനിധിയായ വി കെ ശ്രീകണ്‌ഠൻ തന്റെ കഴിവുകേട്‌ മറച്ചുവയ്‌ക്കാൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ചേർന്ന എംപിമാരുടെ യോഗത്തിൽ പാലക്കാട്‌ കോച്ച്‌ ഫാക്ടറിക്കുവേണ്ടി എൽഡിഎഫ്‌ സർക്കാർ ഒന്നും ചെയ്‌തിട്ടില്ല എന്ന്‌ ആക്ഷേപിച്ച ശ്രീകണ്‌ഠൻ, എംപി എന്ന നിലയിൽ പദ്ധതിക്കുവേണ്ടി എന്ത്‌ ചെയ്‌തുവെന്ന്‌ വ്യക്തമാക്കണമെന്നാണ്‌ ജനങ്ങൾ ആവശ്യപ്പെടുന്നത്‌. കോച്ച്‌ ഫാക്ടറിക്കുവേണ്ടി സ്ഥലമെടുപ്പ്‌ പുർത്തയാക്കിയത്‌ വി എസ്‌ അച്യുതാനന്ദൻ സർക്കാരായിരുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ 2012 ഫെബ്രുവരി 21 നാണ്‌ കല്ലിട്ടത്‌. അതിനുശേഷം രണ്ട്‌ വർഷത്തിൽകൂടുതൽ കേന്ദ്രവും സംസ്ഥാനവും ഭരിച്ചത്‌ കോൺഗ്രസ്‌ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സർക്കാരായിരുന്നു. അന്ന്‌ എട്ട്‌ കേന്ദ്രമന്ത്രിമാർ കേരളത്തിൽനിന്നുണ്ടായിരുന്നു. എന്നിട്ടും ഒരു നടപടിയും നീക്കാതെ പദ്ധതി മരവിപ്പിച്ചു. അതിനിടയിൽ സോണിയഗാന്ധിയുടെ റായ്‌ബറേലി മണ്ഡലത്തിൽ കോച്ച്‌ ഫാക്ടറി പ്രഖ്യാപിച്ച്‌ ഉൽപ്പാദനവും തുടങ്ങി. ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതോടെ ഭൂമി തിരിച്ചുനൽകി കോച്ച്‌ ഫാക്ടറിയുടെ സങ്കൽപ്പം തന്നെ യുഡിഎഫ്‌ സർക്കാർ അട്ടിമറിച്ചു. അന്ന്‌ എംപിയായിരുന്ന എം ബി രാജേഷ്‌ സ്‌റ്റീൽ അതോറിറ്റി ഓഫ്‌ ഇന്ത്യ, ബെമൽ എന്നിവയുമായി സഹകരിച്ച്‌ പദ്ധതി നടപ്പാക്കാൻ ശ്രമം നടത്തി. അതിനും അനുമതി കിട്ടിയില്ല. ഒന്നും രണ്ടും പിണറായി സർക്കാർ ഇക്കാര്യത്തിൽ നിരവധി തവണ കേന്ദ്രത്തിന്‌ കത്തെഴുതി. 2019 മുതൽ പാലക്കാട്ടെ എംപിയായ വി കെ ശ്രീകണ്‌ഠൻ കോച്ച്‌ ഫാക്ടറിക്കുവേണ്ടി ഒരു ഇടപെടലും പാർലമെന്റിൽ നടത്തിയില്ല. കോച്ച്‌ ഫാക്ടറി കേരളത്തിന്‌ ആവശ്യമില്ലെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്‌. അത്തരത്തിലുള്ള ജനപ്രതിനിധിയാണ്‌ ഇപ്പോൾ മുൻ എൽഡിഎഫ്‌ സർക്കാരിനുമേൽ പഴിചാരുന്നത്‌. കോച്ച്‌ ഫാക്ടറിയിൽ ഇന്നത്തെ യുഡിഎഫ്‌ സർക്കാരിന്റെ നിലപാട്‌ എന്താണെന്ന്‌ വ്യക്തമാക്കാനും ശ്രീകണ്‌ഠൻ തയ്യാറാകണം. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത്‌ പാലക്കാട്‌ റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച്‌ സേലം ഡിവിഷൻ രൂപീകരിച്ചപ്പോൾ പാലക്കാടിന്‌ നൽകിയ വാഗ്‌ദാനമായിരുന്നു ട‍ൗൺഷിപ്പോടുകൂടിയ കോച്ച്‌ ഫാക്ടറി.​


യുദ്ധകാലാടിസ്ഥാനത്തിൽ 
പ്രവർത്തിച്ചത്‌ എൽഡിഎഫ്‌

പാലക്കാട്‌

പാലക്കാടിന്‌ കോച്ച്‌ ഫാക്ടറി പ്രഖ്യാപിച്ചപ്പോൾ അന്നത്തെ വി എസ്‌ അച്യുതാനന്ദൻ സർക്കാർ കഞ്ചിക്കോട്‌ വ്യവസായ മേഖലയിൽ 439 ഏക്കർ സ്ഥലം ഏറ്റെടുത്ത് സൗജന്യമായി റെയിൽവേയ്ക്ക് കൈമാറി. 2008–-09 വർഷത്തിലെ റെയിൽവേ ബജറ്റിൽ കേന്ദ്രം കോച്ച് ഫാക്ടറി പ്രഖ്യാപിക്കുകയും ചെയ്‌തു. പിന്നീട്‌ രണ്ടാം യുപിഎ സർക്കാർ പൊതുമേഖലയിൽ കോച്ച് ഫാക്ടറി എന്ന ആശയത്തിൽനിന്ന് പിന്മാറി. പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാൻ തീരുമാനിച്ചു. 76 ശതമാനം സ്വകാര്യ പങ്കാളിത്തമുള്ള ചെറുകിട പദ്ധതിയായി ചുരുക്കി. അന്ന് കേരളത്തിൽനിന്ന്‌ എട്ട് കേന്ദ്രമന്ത്രിമാരും 16 യുഡിഎഫ് എംപിമാരുമുണ്ടായിട്ടും പദ്ധതി വാങ്ങിയെടുക്കാൻ ഒന്നും ചെയ്തില്ല. സമരത്തെത്തുടർന്ന് 2012 ഫെബ്രുവരി 21ന്‌ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സാന്നിധ്യത്തിൽ അന്നത്തെ റെയിൽവേ മന്ത്രി ദിനേശ് ത്രിവേദി പാലക്കാട്‌ കോട്ടമൈതാനിയിൽ കല്ലിട്ടു. പിറവം ഉപതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നടത്തിയ രാഷ്ട്രീയ തട്ടിപ്പായിരുന്നു അതെന്ന് പിന്നീട്‌ ബോധ്യമായി. ഏറ്റെടുത്തുനൽകിയ സ്ഥലം അത്രയും വേണ്ടെന്നും 230 ഏക്കർ മതിയെന്നും അതിനുള്ള വില റെയിൽവേ നൽകാമെന്നും തീരുമാനിച്ചു. എൽഡിഎഫ്‌ സർക്കാർ കൈമാറിയ 439ഏക്കറിൽ 230 ഏക്കർ റെയിൽവേ വില നൽകി ഏറ്റെടുത്തു. ഉമ്മൻചാണ്ടി സർക്കാർ ഇത്‌ അംഗീകരിച്ചു. വിലയ്‌ക്കുവാങ്ങിയ ഭൂമിയിൽ എന്ത്‌ നടപ്പാക്കണമെന്ന്‌ റെയിൽവേ തീരുമാനിക്കുമെന്നായിരുന്നു പിന്നീടുള്ള നിലപാട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home