ad
Deshabhimani

മാലിന്യക്കൂമ്പാരമായി മാട്ടുമന്ത പൊതുശ്മശാനം

മാട്ടുമന്ത പൊതുശ്‌മശാനത്തിൽ തള്ളിയ മാലിന്യം നീക്കാത്ത നിലയിൽ

മാട്ടുമന്ത പൊതുശ്‌മശാനത്തിൽ തള്ളിയ മാലിന്യം നീക്കാത്ത നിലയിൽ

avatar
നിധിൻ ഇ‍ൗപ്പൻ

Published on May 20, 2026, 01:17 AM | 1 min read

പാലക്കാട്

എവിടെ നോക്കിയാലും മാലിന്യം, മൂക്ക്‌ പൊത്താതെ നടക്കാൻ കഴിയാത്ത അവസ്ഥ, ഇനി നടന്നാലോ കാലിലെല്ലാം മാലിന്യമാവും... നഗരത്തിൽ മാലിന്യംകൂട്ടിയിടുന്ന സ്ഥലത്തിന്റെ കാര്യമല്ല ഇ‍ൗ പറയുന്നത്‌. മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന്‌ ഒരുകാലത്ത്‌ നഗരവാസികളുടെയെല്ലാം ആശ്രയമായിരുന്നു മാട്ടുമന്ത പൊതുശ്‌മശാനത്തിന്റെ അവസ്ഥയാണ്‌. ബിജെപി ഭരിക്കുന്ന പാലക്കാട്‌ നഗരസഭയുടെ കടുത്ത അവഗണനയാണ്‌ മാട്ടുമന്ത പൊതുശ്‌മശാനത്തിന്റെ ശോചനീയാവസ്ഥയ്‌ക്ക്‌ കാരണം. നഗരസഭയുടെ ഉടമസ്ഥതയിലുള്ള പൊതുശ്മശാനത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് നിരവധി പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും ഒന്നും നടപ്പായിട്ടില്ല. കഴിഞ്ഞ ജനുവരിയിൽ മാലിന്യങ്ങളിൽനിന്ന് തീ പടർന്ന്‌ കാറടക്കം കത്തി നശിച്ചിരുന്നു. കാലഹരണപ്പെട്ട വാഹനങ്ങളടക്കം പൊതുശ്‌മശാനത്തിൽ ഉപക്ഷിച്ച്‌ പോവുന്നത് പതിവായിട്ടും നഗരസഭ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന്‌ നാട്ടുകാർ പറയുന്നു. ​

അതിദയനീയം

90 സെന്റിലാണ്‌ പൊതുശ്മശാനമുള്ളത്‌. വർഷങ്ങളായി നഗരസഭാ പരിധിയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾ അന്ത്യകർമങ്ങൾക്ക്‌ ആശ്രയിക്കുന്ന സ്ഥലമാണിത്. എന്നാലിപ്പോൾ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും പ്രദേശത്തെ ഹോട്ടലുകളിൽ നിന്നും വീടുകളിൽ നിന്നുമുള്ള ഭക്ഷ്യ അവശിഷ്ടങ്ങളടക്കം തള്ളുന്നയിടമാണ്‌. മാലിന്യം കുമിഞ്ഞുകൂടുന്നത് പ്രദേശത്തുള്ളവർക്ക്‌ ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാക്കുന്നുണ്ട്‌.

തെരുവ് നായ്‌കളുടെ 
ഇഷ്‌ടയിടം

തെരുവ് നായകളുടെ ഇഷ്‌ടയിടമാണിപ്പോൾ മാട്ടുമന്ത പൊതുശ്‌മശാനം. കൂട്ടമായി ഇവിടെ പാർക്കുന്ന തെരുവുനായ്‌കൾ ശ്മശാനത്തിന്‌ മുന്നിലെ മലമ്പുഴ– പാലക്കാട് ബൈ പാസ് റോഡിലൂടെ പോവുന്ന വാഹനയാത്രകാർക്ക്‌ വലിയ ഭീഷണിയാണ്. തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റവരും നായ കുറുകെചാടി അപകടം സംഭവിച്ചവരും നിരവധിയാണ്. ഇതോടൊപ്പമാണ്‌ അവശിഷ്ടങ്ങളും മറ്റും ഭക്ഷിച്ച്‌ അലഞ്ഞ്‌ തിരയുന്ന കന്നുകാലികൾ. ​

സാമൂഹ്യവിരുദ്ധരുടെ താവളം

കൃത്യമായ സുരക്ഷാ സംവിധാനങ്ങളോ സിസിടിവി ഇല്ലാത്തതിനാൽ രാത്രിയായാൽ ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമാണ്‌. ലഹരിവിൽപ്പനയും ഉപയോഗവും സജീവമാണെന്നും നാട്ടുകാർ പറയുന്നുണ്ട്‌. ശ്മശാനത്തോട് ചേർന്ന് ഒമ്പത്‌ ഏക്കറോളം ജൈവ വൈവിധ്യ ഭൂമിയുള്ളതിനാൽ പലയിടവും കാടുമൂടി കിടക്കുകയാണ്. ​

വെറും വാഗ്ദാനം

മാട്ടുമന്ത ശ്മശാനത്തിന്റെ ദുരവസ്ഥയെക്കുറിച്ച് പരാതികളുയർന്നപ്പോഴെല്ലാം വലിയ വാഗ്‌ദാനങ്ങളാണ്‌ ബിജെപി ഭരിക്കുന്ന നഗരസഭ പ്രഖ്യാപിച്ചത്‌. വാതക ശ്‌മശാനം സ്ഥാപിക്കുമെന്നും ആധുനിക രീതിയിൽ ശ്മശാനം നവീകരിച്ച് സൗന്ദര്യവൽക്കരിക്കുമെന്നും പറഞ്ഞു. ഇതിനായി ലക്ഷക്കണക്കിന് രൂപയുടെ പദ്ധതികൾ തയ്യാറാക്കി. എന്നാൽ ഒന്നും നടപ്പായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home