കൂട്ടുപാതയുടെ മാലിന്യ സംസ്കരണ പ്ലാന്റ്
അടിപൊളി

കൂട്ടുപാതയിലെ ട്രഞ്ചിങ് ഗ്രൗണ്ടിൽ നടക്കുന്ന ബയോമൈനിങ്
നിധിൻ ഈപ്പൻ
Published on Jul 20, 2025, 01:15 AM | 1 min read
പാലക്കാട്
സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മരുതറോഡ് കൂട്ടുപാത ഡംപ് സൈറ്റിലെ ബയോമൈനിങ്, നഗരസഭാ മാലിന്യസംസ്കരണം, സാനിറ്ററി മാലിന്യങ്ങളുടെ സംസ്കരണം എന്നിവ മാതൃകയാകുന്നു. മൂന്ന് പ്രവൃത്തികളാണ് നടപ്പാക്കുന്നത്.
ബയോ മൈനിങ്
ഖരമാലിന്യ പരിപാലനത്തിന് ജില്ലയിൽ നടപ്പാക്കിയ ഏക പദ്ധതിയാണിത്. നവംബറിൽ ആരംഭിക്കുമ്പോൾ 90,000 ക്യൂബിക് മീറ്റർ തരംതിരിക്കാത്ത മാലിന്യമുണ്ടായിരുന്നു. ഇവ മൂന്ന് വിധത്തിൽ തരംതിരിക്കും. 15 മില്ലി മീറ്ററിൽ താഴെ വലിപ്പമുള്ളവ, 15 മുതൽ --45 വരെയുള്ളവ, 45 മില്ലി മീറ്ററിന് മുകളിൽ വലിപ്പമുള്ളവ. സംസ്കരിക്കാൻ സാധ്യമല്ലാത്തവ (ആർഡിഎഫ്) നീക്കം ചെയ്യും. തുടർന്ന് പ്ലാസ്റ്റിക്, പ്ലാസ്റ്റിക്കും മണ്ണും കലർന്ന 'ഇനേർട്ട്', മണ്ണ് എന്നിങ്ങനെയാണ് തരംതിരിക്കുന്നത്. പ്ലാസ്റ്റിക്കിനെ സിമന്റ് കമ്പനികളിൽ ഇന്ധനമാക്കും. പ്ലാസ്റ്റിക് കലർന്ന മണ്ണ് താഴ്‌ന്ന പ്രദേശം നികത്താൻ ഉപയോഗിക്കും. മെയ് അവസാനം വരെ 21,000 ക്യൂബിക് മീറ്റർ മാലിന്യം തരംതിരിച്ചു. ഇതിൽ 40 ശതമാനം ആർഡിഎഫും 22 ശതമാനം ഇനേർട്ടും പ്രകൃതിദത്തമണ്ണ് 38 ശതമാനവുമാണ്. നാഗ്പൂരിലെ എസ്‌എംഎസ് കമ്പനിയാണ് നടത്തിപ്പുകാർ. ഇതോടൊപ്പം സാനിറ്ററി ഇൻസിനറേറ്റർ, എംസിഎഫ്, കംപോസ്റ്റിങ് പ്ലാന്റ് പരിചയപ്പെടുത്തലും ബോധവൽക്കരണവും നടക്കുന്നുണ്ട്.
ഏറ്റവും വലിയ മാലിന്യ കേന്ദ്രം
ഹരിതകർമസേന പാലക്കാട് നിന്ന് ശേഖരിക്കുന്ന മാലിന്യം എത്തിക്കുന്നത് ഇവിടെയാണ്. ജൈവമാലിന്യം സംസ്കരിക്കുന്നതിനൊപ്പം അജൈവമാലിന്യങ്ങൾ ക്ലീൻകേരളയ്ക്ക് കൈമാറും. പുനരുപയോഗം സാധ്യമായതിന് ക്ലീൻകേരള ഹരിതകർമസേന കൺസോർഷ്യത്തിന് തുക നൽകും. നിഷ്‌ക്രിയ മാലിന്യങ്ങൾ സംസ്കരിക്കാൻ നഗരസഭ ക്ലീൻ കേരളയ്ക്ക് തുക നൽകും. 2022 ഏപ്രിൽ മുതൽ 2024 മാർച്ച് വരെ 11,58,597 കിലോ മാലിന്യം ശേഖരിച്ചു. ഇതിൽ 11,16,581 കിലോ നിഷ്‌ക്രിയ മാലിന്യവും 42,016 കിലോ പുനരുപയോഗിക്കാവുന്നതുമാണ്.
സാനിറ്ററി നാപ്കിൻ ഇൻസിനറേഷൻ
സാനിറ്ററി നാപ്കിൻ സംസ്കരണത്തിനായി പ്ലാന്റിൽ ഇൻസിനറേറ്റർ പ്രവർത്തിക്കുന്നുണ്ട്. മൂന്നു വർഷത്തിൽ 1300 ടൺ നാപ്കിൻ സംസ്കരിച്ചു. ഇതിന്റെ ശേഷി വർധിപ്പിക്കും.









0 comments