പരിമിതികളിൽ തളരില്ല, നേടാം ആരോഗ്യ പരിരക്ഷ


അഖില ബാലകൃഷ്‌ണൻ
Published on Oct 05, 2025, 12:00 AM | 1 min read
പാലക്കാട്
സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ഉറപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ‘നിരാമയ’. പദ്ധതിയിലൂടെ ഓട്ടിസം, സെറിബ്രൽ പാൾസി, ബൗദ്ധിക വെല്ലുവിളികൾ, മറ്റു ശാരീരിക വെല്ലുവിളികൾ നേരിടുന്ന വ്യക്തികൾക്ക് ചികിത്സാ ചെലവുകൾക്കായി ഒരു ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും.
സർക്കാർ ആശുപത്രികളിലും രജിസ്റ്റർ ചെയ്ത സ്വകാര്യ ആശുപത്രികളിലും ഒപി, ഡെന്റൽ, കിടത്തി ചികിത്സകൾക്ക് ആനുകൂല്യം ലഭിക്കും. നാഷണൽ ട്രസ്റ്റ് ആക്ടിന് കീഴിൽ രജിസ്റ്റർ ചെയ്ത വികലാംഗ സർട്ടിഫിക്കറ്റുള്ളവർക്ക് പ്രായപരിധികളില്ലാതെ പദ്ധതിയിൽ ചേരാം. എല്ലാ വർഷവും എപിഎൽ വിഭാഗത്തിലുള്ളവർ 500 രൂപയും ബിപിഎൽ വിഭാഗത്തിലുള്ളവർ 250 രൂപയും അടച്ച് പ്രീമിയം പുതുക്കണം.
എന്നാൽ, കേരളത്തിൽ മാത്രം സംസ്ഥാന സർക്കാരാണ് പ്രീമിയം തുക അടയ്ക്കുന്നത്. നാഷണൽ ട്രസ്റ്റ് ആക്ട് മുഖേന രജിസ്റ്റർ ചെയ്ത സംഘടനകളുമായി ചേർന്ന് സാമൂഹ്യനീതി വകുപ്പ്, സംസ്ഥാന നോഡൽ ഏജൻസി സെന്റർ (എസ്എൻഎസി), ലോക്കൽ ലെവൽ കമ്മിറ്റികൾ എന്നിവ വഴി അപേക്ഷകൾ ശേഖരിക്കുകയും ഗുണഭോക്താക്കളെ എൻറോൾ ചെയ്യുകയും ചെയ്യുന്നു. നിലവിൽ പദ്ധതിക്കുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സുനീതി പോര്‍ട്ടല്‍ (suneethi.sjd.kerala.gov.in) വഴിയാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 0491 2505791, 0491 2573747.









0 comments