സന്ദര്‍ശകര്‍ കൈവിട്ട് വിനോദസഞ്ചാരം
വാടി തളരാനില്ലേ

എ തുളസീദാസ്
കൊല്ലങ്കോട് തീവെയിലിന്റെ കാഠിന്യത്തിൽ വാടിത്തളർന്ന് വിനോദസഞ്ചാര മേഖല. പാചകവാതക ക്ഷാമം കൂടിയായതോടെ പലസ്ഥലങ്ങളിലേക്കും സഞ്ചാരികളുടെ വരവ് കുത്തനെ ഇടിഞ്ഞു. ആളുകളെ ആകര്‍ഷിച്ചിരുന്ന പോത്തുണ്ടി ഉദ്യാനം, നെല്ലിയാമ്പതി, കൊല്ലങ്കോട് സീതാർകുണ്ട് എന്നിവയൊക്കെ ഏപ്രിൽ, മെയ് മാസങ്ങളിൽ സഞ്ചാരികളുടെ പറുദീസയായിരുന്നു. വേനലവധിക്കാലത്ത് അതിരാവിലെ എത്തുന്ന വിനോദസഞ്ചാരികൾ രാത്രി എട്ടുവരെ ഇവിടെയുണ്ടാകും. എന്നാൽ ഈ ചൂടിൽ സഞ്ചാരികളുടെ എണ്ണം മൂന്നിലൊന്നായി ചുരുങ്ങി. ആളുകൾ രാവിലെ ഒമ്പതരയോടെ തണൽ തേടി പോയാൽ വൈകിട്ട് 4.30ന് ശേഷമേ ആളുണ്ടാകൂ. ഉല്ലാസം തേടിയെത്തുന്നവർ തളർന്നാണ് മടങ്ങുന്നത്. പാചകവാതക ക്ഷാമം കാരണം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പലയിടത്തും ഭക്ഷണശാലകൾ അടച്ചു. ഭക്ഷണം കിട്ടില്ലെന്ന ധാരണയും മേഖലയ്ക്ക് തിരിച്ചടിയായി. കൊല്ലങ്കോട് സീതാർകുണ്ടിൽ അവധി ദിവസങ്ങളിൽ 4500ലധികം വിനോദ സഞ്ചാരികളെത്തിയത് 500ൽ താഴെയായി. ടിക്കറ്റ് വരുമാനം ശരാശരി 95,000ൽ നിന്ന് 7000 ആയി കുറഞ്ഞു. നെല്ലിയാമ്പതിയിൽ അവധി ദിവസം 7500 വരെ വിനോദസഞ്ചാരികളെത്തിയത് 2500ൽ താഴെയായി. നെല്ലിയാമ്പതി സീതാർകുണ്ട് വ്യൂ പോയിന്റിൽ ദിവസം 3500ൽ കൂടുതൽ പേർ എത്തിയത് 1000ൽ താഴെയായി. പോത്തുണ്ടി സാഹസിക വിനോദ കേന്ദ്രത്തിൽ അവധി ദിവസങ്ങളിൽ 450 പേരെത്തിയത് 100ൽ താഴെയായി. വരുമാനവും ഗണ്യമായി കുറഞ്ഞു. പോത്തുണ്ടി ഉദ്യാനത്തിൽ 6000 മുതൽ 8000 വരെ വിനോദ സഞ്ചാരികളെത്തിയത് 1500ൽ താഴെയായി. വേനലവധി അവസാനിക്കാറായതിനാലും അന്യസംസ്ഥാനങ്ങളിൽ ഉത്സവങ്ങളിൽ പങ്കെടുക്കാനും ആളുകൾ തിരികെപ്പോകാൻ തുടങ്ങിയതോടെ ഇനിയും തിരക്ക് കുറയാനാണ് സാധ്യത. ഇതോടെ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം കണ്ടെത്തിയവരും പ്രതിസന്ധിയിലായി.










0 comments