മോദി ഭരണത്തിൽ പൊലിഞ്ഞത് 10 ലക്ഷം ജീവന്‍: ഡോ. വിജൂ കൃഷ്ണൻ

കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന "കാർഷിക മേഖലയും കോർപറേറ്റുകളും' സെമിനാർ അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറി ഡോ. വിജൂ കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
കൂറ്റനാട്
മോദിയുടെ 12 വർഷത്തെ ബിജെപി ഭരണത്തിൽ 10 ലക്ഷം പേർ രാജ്യത്ത് ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി ഡോ. വിജൂ കൃഷ്ണൻ. അഞ്ച് ലക്ഷംപേർ കർഷകരും മൂന്നര ലക്ഷം കർഷകത്തൊഴിലാളികളും ഒന്നരലക്ഷം മറ്റുതൊഴിലാളികളുമാണ് രാജ്യത്ത് ആത്മഹത്യ ചെയ്‌തത്. വിത്തിന്റെയും വളത്തിന്റെയും കീടനാശിനികളുടെയുമെല്ലാം വില കുത്തനെ വർധിച്ചിട്ടും കേന്ദ്രസർക്കാർ ഒന്നും ചെയ്യുന്നില്ല. രാജ്യത്ത് 1200 കേന്ദ്രങ്ങളിലാണ് കർഷകരുടെ ഭൂമി ഏറ്റെടുക്കലിനെതിരെ സമരങ്ങൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി "കാർഷിക മേഖലയും കോർപറേറ്റുകളും' വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെമിനാറിൽ ജില്ലാ കമ്മിറ്റി അംഗം കെ ജയദേവൻ വിഷയം അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ ടി പി മുഹമ്മദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം ആർ മുരളി, ജില്ലാ പ്രസിഡന്റ് കെ ഡി പ്രസേനൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജോസ് മാത്യൂസ്, ശോഭന പ്രസാദ്, ജില്ലാ കമ്മിറ്റിയംഗം യു അജയകുമാർ, ജില്ലാ നിർവാഹക സമിതിയംഗം എ കൃഷ്ണകുമാർ, ഏരിയ സെക്രട്ടറി പി കെ ബാലചന്ദ്രൻ, പ്രസിഡന്റ് കെ എ ഷംസു, സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി കെ നാരായണദാസ്, പി എൻ മോഹനൻ എന്നിവർ സംസാരിച്ചു. മുതിർന്ന നേതാവ് സി അച്യുതനെ ഡോ. വിജൂ കൃഷ്ണൻ ആദരിച്ചു. കോഴിക്കോട് ചിലങ്ക ഫ്ലോട്ടിങ് തിയറ്ററിന്റെ നാടകം മിസ അരങ്ങേറി.










0 comments