ആളില്ലാത്ത വീടിന്റെ വാതിൽ പൊളിച്ച് 10 പവന്‍ മോഷ്ടിച്ചു

അടിവാട് തെക്കേക്കവലയിൽ കമ്മലയിൽ സാബിക്കിന്റെ വീടിന്റെ പിൻവശത്തെ വാതിൽ മോഷ്ടാവ് തകർത്ത നിലയിൽ
കവളങ്ങാട്
അടിവാട് ആളില്ലാത്ത വീടിന്റെ വാതിൽ പൊളിച്ച് പത്തുപവന്റെ സ്വർണാഭരണങ്ങളും 13,000 രൂപയും വാച്ചും മോഷ്ടിച്ചു. തെക്കേക്കവല കമ്മലയിൽ സാബിക്കിന്റെ വീട്ടിലാണു ശനിയാഴ്‌ച രാത്രി മോഷണം നടന്നത്.
കുടുംബാംഗങ്ങൾ വീട് പൂട്ടി പുറത്തുപോയിരുന്നു. പിന്നിലെ വാതിലിന്റെ പലക തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും വാച്ചും കവരുകയായിരുന്നു.
രാത്രി 11.45ന് സാബിക് മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പോത്താനിക്കാട് പൊലീസും വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. വാതിൽ തകർക്കാനുപയോഗിച്ച കോടാലിയും കമ്പിപ്പാരയും മോഷ്‌ടാവിന്റേതെന്നു സംശയിക്കുന്ന വസ്ത്രങ്ങളും സമീപത്തെ പുരയിടത്തിൽനിന്ന് ലഭിച്ചു. പഞ്ചായത്തിലെ കൂവള്ളൂരിൽ കഴിഞ്ഞ ദിവസം സമാനരീതിയിൽ മോഷണശ്രമം നടന്നിരുന്നു. പൊലീസ് സ്‌റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ 2 മാസമായി മോഷണം വർധിച്ചതായി നാട്ടുകാർ പറയുന്നു.








0 comments