ഫണ്ട് വെട്ടിക്കുറച്ചു: തകർച്ചയുടെ വക്കിൽ വിഎഫ്പിസികെ


സ്വന്തം ലേഖകൻ
Published on Jul 23, 2026, 12:29 AM | 1 min read
പാലക്കാട്
ഓണത്തിന് ശമ്പളം മുടങ്ങുമോയെന്ന ഭീതിയിൽ വിഎഫ്പിസികെ ജീവനക്കാർ. കർഷകരിൽനിന്ന് പച്ചക്കറി സംഭരിച്ച് വിൽപ്പന നടത്തുന്ന സ്ഥാപനമാണ് കൃഷി വകുപ്പിന്റെ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ (വിഎഫ്പിസികെ). സ്വയമാർജിച്ച വരുമാനത്തിൽനിന്നാണ് ശമ്പളം ഉൾപ്പെടെയുള്ള ചെലവുകൾ നടത്തുന്നത്. ശമ്പളത്തിന് മാസം 1.7 കോടി രൂപ വേണം. അത്യാവശ്യഘട്ടങ്ങളിൽ പദ്ധതിയിതര (നോൺ പ്ലാൻ) ഫണ്ട് ഇനത്തിൽ സർക്കാരിൽനിന്ന് ലഭിക്കുന്ന തുകയും ചെലവുകൾക്ക് ഉപയോഗിക്കാറുണ്ട്. ഈ ഇനത്തിൽ സർക്കാർ ഒരു കോടി രൂപ അനുവദിക്കാറുണ്ട്. പുതിയ സർക്കാർ പദ്ധതിക്ക് ആവശ്യമായ തുക ബജറ്റിൽ വകയിരുത്തിയില്ല. കർഷക പങ്കാളിത്തമുള്ള കമ്പനിയായി 2021 മുതൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ 248 സ്ഥിരം ജീവനക്കാരും 50 ദിവസവേതനക്കാരും 43 കരാർ ട്രെയ്‌നി ജീവനക്കാരുമാണുള്ളത്. ശമ്പളം, മറ്റു ആനുകൂല്യങ്ങൾ, ബോണസ്, ഫെസ്‌റ്റിവൽ അലവൻസ്, വിരമിക്കൽ ആനുകൂല്യം ഉൾപ്പെടെ എട്ടുകോടി രൂപയാണ് സർക്കാർ നൽകാനുള്ളത്. പച്ചക്കറി വികസനപദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പ് വിതരണം ചെയ്യുന്ന വിത്തുകിറ്റിന് കഴിഞ്ഞ സർക്കാർ ഒരു കോടി അനുവദിച്ചിരുന്നു. യുഡിഎഫ് സർക്കാർ ഒരു രൂപപോലും ഇതിനായി അനുവദിച്ചിട്ടില്ല. വീട്ടുവളപ്പിലെ കൃഷി പദ്ധതി, വിവിധ കാർഷിക പദ്ധതികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കൃഷി വകുപ്പിനും നൽകുന്ന ഫണ്ടുകൾ എന്നിവ വെട്ടിക്കുറച്ചതും സർക്കാർ തലത്തിൽ വിത്തുകൾക്കും തൈകൾക്കും നൽകാറുള്ള തുക കുത്തനെ കുറച്ചതും തിരിച്ചടിയായി. വിത്തുൽപ്പാദനത്തിൽ ഗുണനിലവാരം ഉറപ്പുവരുത്താൻ പ്രധാന പങ്കുവഹിക്കുന്ന പാലക്കാട്ടെ ഇൻഫർമേഷൻ ആൻഡ് റിസോഴ്സ് സെന്റർ അടക്കമുള്ള യൂണിറ്റുകളുടെ പ്രവർത്തനം നിലച്ചാൽ കാർഷിക മേഖലക്ക് വൻ തിരിച്ചടിയാകും.










0 comments