ad
Deshabhimani

വർണക്കൂടാരവും നിലച്ചു

പാലക്കാട് ഗവ. മോയൻ എൽപി സ്കൂളിലെ വർണക്കൂടാരം

പാലക്കാട് ഗവ. മോയൻ എൽപി സ്കൂളിലെ വർണക്കൂടാരം

avatar
നിഖിൽ രവീന്ദ്രൻ

Published on Jul 08, 2026, 01:19 AM | 1 min read

പാലക്കാട്‌

പ്രീപ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠനസൗകര്യം ഒരുക്കാൻ നടപ്പാക്കിയ വർണക്കൂടാരം പദ്ധതി നിലച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയതാണ്‌ പദ്ധതി. സ്‌കൂളുകളുടെ ഗുണനിലവാരം ഉയർത്തുന്നതിന്‌ വേണ്ടിയുള്ള സ്റ്റാർസ്‌ പദ്ധതി തുടരേണ്ടതില്ലെന്ന്‌ തീരുമാനിച്ചതോടെയാണ്‌ വർണക്കൂടാരവും ഉപേക്ഷിക്കുന്നത്‌. ഘട്ടങ്ങളായി കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ പ്രൈമറി വിദ്യാലയങ്ങളിലും പദ്ധതി നടപ്പാക്കാനാണ്‌ എൽഡിഎഫ്‌ സർക്കാർ ലക്ഷ്യമിട്ടത്‌. സംസ്ഥാനത്താകെ 1,516 വർണക്കൂടാരം നിർമിക്കാനാണ്‌ എൽഡിഎഫ്‌ സർക്കാർ തുക അനുവദിച്ചത്‌. മാർച്ച്‌ 31 വരെ 1268 എണ്ണം പൂർത്തിയായി. 248 എണ്ണം പുരോഗമിക്കുന്നു. പദ്ധതിയുടെ ഭാഗമായി ഓരോ സ്കൂളിലും 10 ലക്ഷം രൂപയുടെ നവീകരണം നടത്തി. ഇതിൽ 60 ശതമാനം തുക കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ്‌ വഹിച്ചിരുന്നത്‌. കുട്ടികളുടെ ശരീരികവും മാനസികവുമായ വളർച്ചയ്‌ക്ക്‌ അനുയോജ്യമായ കളിയിടം, വരയിടം, കുഞ്ഞരങ്ങ്, ഗണിതയിടം, ആട്ടവും പാട്ടും, ശാസ്ത്രയിടം, ഹരിതോദ്യാനം പഞ്ചേന്ദ്രിയാനുഭവ ഇടം, നിര്‍മാണ ഇടം, ഇ-–ഇടം, പുറം കളിയിടം, അകം കളിയിടം എന്നിവയാണ്‌ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്നത്‌. കൂടാതെ ടെലിവിഷന്‍, സൗണ്ട് സിസ്റ്റം, എല്‍സിഡി പ്രൊജക്ടര്‍, സൗണ്ട് റെക്കോഡര്‍, കളിക്കോപ്പുകൾ തുടങ്ങിയവയും ഒരുക്കും. സ്കൂളുകളിൽ സംഘാടകസമിതി രൂപീകരിച്ചാണ്‌ പദ്ധതിയുടെ പ്രവർത്തനം. തദ്ദേശ സ്ഥാപനങ്ങളുടെ പ്രസിഡന്റ്, പഞ്ചായത്തംഗം, പിടിഎ, എസ്എംസി, സ്‌കൂള്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ് അംഗങ്ങള്‍, പ്രാദേശിക വിദഗ്ധര്‍, വിദ്യാലയ വികസന സമിതിയംഗങ്ങള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, സാംസ്‌കാരിക, സാമൂഹിക പ്രവർത്തകർ എന്നിവർ സംഘാടക സമിതിയില്‍ ഉള്‍പ്പെടുന്നു. പദ്ധതിയിലെ നൂതന സംവിധാനങ്ങള്‍ പരിചയപ്പെടുത്താൻ അധ്യാപകര്‍ക്ക് 20 ദിവസത്തെ പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home