വള്ളുവനാടിന്റെ സ്വന്തം ‘കുടച്ചോഴിക്കളി’

സി കെ ഉണ്ണികൃഷ്ണൻ
കൂറ്റനാട്
പഴയ വള്ളുവനാട് താലൂക്കിൽ ഭാരതപ്പുഴയ്‌ക്ക് തെക്ക് തിരുമിറ്റക്കോട്, നാഗലശേരി, തൃത്താല ഗ്രാമങ്ങളിൽ മാത്രംകണ്ടുവന്നിരുന്ന തനതുകലാരൂപമാണ് കുടച്ചോഴി (വിശറികളി). വള്ളുവ പുലയ സമുദായക്കാരാണ് കുടച്ചോഴി അവതരിപ്പിച്ചിരുന്നത്. ഇവരുടെ ആട്ടിന്റെ (പ്രേതം വിളി ) താളവും പാട്ടും കുടച്ചോഴിക്കായി ഉപയോഗിക്കുന്നു. ചോഴികൾ ഭദ്രകാളിയുടെ ഭൂതഗണങ്ങളാണ്. ഭദ്രകാളി കാവുകളിൽ ഉത്സവം നടക്കുമ്പോൾ പുലയ സമുദായക്കാർ ചോഴികളായി കെട്ടിയാടുന്നു. തുടികളുടെ ആസുരതാളത്തിൽ നാടൻപാട്ടുകളുടെ ഈണത്തിൽ ചോഴികൾ വട്ടമിട്ടുകളിക്കുന്നു. വലത് കൈയിൽ ചെറിയ മുള വിശറിയും ഇടത് കൈയിൽ ചെറിയ കാൽക്കുടയുമാണ് ഉപയോഗിക്കുന്നത്. എട്ടോ, പത്തോപേർ അടങ്ങുന്ന കളിക്കാരും ആറ് പേരടങ്ങുന്ന പാട്ടുകാരും സംഘത്തിലുണ്ടാകും. പാട്ടുകാർ തുടിതാളത്തിലാണ് പാട്ടുപാടുക. മുല്ലക്കലമ്മയുടെ കിഴക്കേ നടയിൽനിന്നും കെട്ടിപ്പുറപ്പെട്ട് നാടും വീടുകളും താണ്ടി കാവിലെത്തുന്നു. ഉടുത്ത വെള്ളമുണ്ട് രണ്ട് വശത്തേക്കും തെറുത്ത് കയറ്റി ദേഹത്ത് അരിമാവുകൊണ്ട് കുത്തിയണിഞ്ഞ് തോർത്ത് മുണ്ടുകൊണ്ട് ഇടക്കെട്ട് കെട്ടി കളിക്കുന്നു. ‘കുട്ടാടൻ പാടവും ആര്യമ്പാടവും നാടായ നാടൊക്കെ കളിച്ചുവന്നേ ....’ എന്ന് തുടങ്ങുന്ന പാട്ടിന് ചുവടുവച്ച് കാണികളിൽ ആവേശം ജനിപ്പിക്കും. സ്ത്രീകളുടെയും പുരുഷന്മാരുടെയും സംഘങ്ങളുണ്ട്. തിരുമിറ്റക്കോട് ചെരിപ്പൂർ സ്വദേശികളായ പരേതനായ പി അയ്യപ്പൻ, മണികണ്ഠൻ ചക്കഞ്ചേരി തുടങ്ങിയവർ ഈ മേഖലയിലെ വിദഗ്‌ധരായ കളിക്കാരായിരുന്നു. തൃത്താല മേഖലയിലെ വിവിധ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ച് കുടച്ചോഴിക്കളി ഇന്നും അരങ്ങേറാറുണ്ട്. ചെരിപ്പൂരിൽ ശ്രീരൂപ നാടൻ കലാസംഘം എന്ന പേരിൽ വനിതകളുടെ കുടച്ചോഴിക്കളി സംഘം നിലവിലുണ്ട്.










0 comments