വാളയാർ ചെക്ക്‌പോസ്‌റ്റ്
തമിഴ്‌നാട് വൻപിഴ ഇൗടാക്കുന്നതായി പരാതി

വാളയാർ ചെക്ക്പോസ്റ്റ് കഴിഞ്ഞുള്ള കോയമ്പത്തൂർ നവക്കരയിൽ പരിശോധനയ്ക്കായി നിർത്തിയിട്ട ചരക്കുലോറികൾ
നിധിൻ ഇൗപ്പൻ
Published on May 21, 2026, 12:36 AM | 1 min read
പാലക്കാട്
തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പിന്റെ അതിർത്തി ചെക്ക്‌പോസ്റ്റ് ചാവടിയിൽനിന്ന് വാളയാറിലെ കേരള ചെക്ക്‌പോസ്റ്റിന് സമീപത്തേക്ക് മാറ്റിയതിന് പിന്നാലെ അനധികൃതമായി വൻതുക പിഴ ഈടാക്കുന്നതായി പരാതി. അമിതഭാരം, അനധികൃത വസ്തുക്കളുടെ കടത്ത് എന്നിവ ചൂണ്ടിക്കാണിച്ചാണ് തമിഴ്‌നാട് പിഴ ഇൗടാക്കുന്നത്. നിയമപരമായി തന്നെയുള്ള ചരക്കുകൾ കയറ്റിയാലും ലോറികൾ കടത്തിവിടുന്നതിന് കൈക്കൂലി വാങ്ങുന്നുവെന്നും ആരോപണമുണ്ട്. നിരവധി വാഹനങ്ങൾ കടന്നുപോകുന്നതിനാൽ ആർടിഒ ചെക്ക് പോസ്റ്റുകളിലെ ജീവനക്കാർക്ക് പുറമേ സ്വകാര്യ ഏജൻസികളെയും പരിശോധനയ്‌ക്കായി ഉപയോഗിക്കുന്നുണ്ട്. എഐ കാമറയും നമ്പർ പ്ലേറ്റ് തിരിച്ചറിയുന്ന സംവിധാനങ്ങളുമുള്ള തമിഴ്‌നാടിന്റെ പുതിയ ഡിജിറ്റൽ പൊലീസ് ചെക്ക് പോസ്റ്റ് തൊട്ടടുത്തുണ്ടായിട്ടും ഇതൊന്നും ഉപയോഗിക്കാതെ പഴയ രീതിയിലുള്ള പരിശോധന തന്നെയാണ് തുടരുന്നത്. അടിസ്ഥാന സൗകര്യങ്ങൾ പോലും ഉറപ്പാക്കാതെയുള്ള പരിശോധനയ്‌ക്ക് പിന്നാലെ ലോറികളുടെ വലിയ നിരയാണ് വാളയാറിലുള്ളത്. റോഡരികിൽ ലോറികൾ നിർത്തിയിടേണ്ടി വരുന്നത് മറ്റ് ചെറിയ വാഹനങ്ങളുടെ യാത്രയെ ബാധിക്കുന്നതിനൊപ്പം അപകടസാധ്യതയും ഉയർത്തുന്നുണ്ട്. ജിഎസ്‌ടി നിലവിൽ വന്ന ശേഷം മിക്ക സംസ്ഥാനങ്ങളിലും ചെക്ക് പോസ്റ്റുകൾ ഒഴിവാക്കിയെങ്കിലും തമിഴ്നാട്ടിലും കർണാടകയിലും ചെക്ക്‌പോസ്റ്റുകളിൽ പരിശോധന തുടരുന്നുണ്ട്. വാണിജ്യ നികുതി ചെക്ക് പോസ്റ്റുകളിലുണ്ടായിരുന്ന പരിശോധന മാത്രമാണ് ഒഴിവാക്കിയത്. പരിശോധനയില്ലാത്ത ഉൗടുവഴികളിലൂടെ ലോറികൾ പോവുന്നുവെന്ന് പറഞ്ഞാണ് ചാവടിയിൽനിന്ന് വാളയാറിലേയ്‌ക്ക് തമിഴ്‌നാട് ചെക്ക് പോസ്റ്റ് മാറ്റിയത്. രണ്ട് സംസ്ഥാനങ്ങളുടെയും മോട്ടോർ വാഹന വകുപ്പ് ഓഫീസുകൾ ഒരേ പ്രദേശത്ത് പ്രവർത്തിക്കുമ്പോഴും തമിഴ്നാട് അതിർത്തി കടന്നാൽ യാത്ര സുഗമമാണെന്ന അഭിപ്രായത്തിലാണ് ലോറിക്കാർ. അതിർത്തിയിൽ കേരളത്തിലേക്ക് പ്രവേശിക്കുന്നിടത്താണ് ആർടിഒ ചെക്ക് പോസ്റ്റ് എങ്കിലും ഇവിടെ വാഹനങ്ങൾ തടഞ്ഞുള്ള പരിശോധനയില്ല. ഇ – ബില്ലുപയോഗിച്ചുള്ള ഡിജിറ്റൽ പരിശോധനയാണ് കേരളം നടപ്പാക്കുന്നത്.










0 comments