ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: നോക്കൗട്ട് മത്സരങ്ങളുടെ സമയത്തിൽ മാറ്റം

ന്യൂഡൽഹി: 2026 ഏഷ്യൻ ഗെയിംസിലെ പുരുഷ ക്രിക്കറ്റ് നോക്കൗട്ട് മത്സരങ്ങളുടെ സമയത്തിൽ മാറ്റം. ഉച്ചയ്ക്കുള്ള മത്സരങ്ങൾ നേരത്തെ ആരംഭിക്കാനാണ് തീരുമാനം. പുതുക്കിയ ഷെഡ്യൂൾ പ്രകാരം ജപ്പാൻ സമയം ഉച്ചയ്ക്ക് 2 മണിക്ക് തുടങ്ങേണ്ട മത്സരങ്ങൾ 1.30ന് ആരംഭിക്കും. വനിതാ മത്സരങ്ങളുടെ സമയത്തിൽ മാറ്റമില്ല.
ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ടീമിന് നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്. സെപ്തംബർ 28 ന് നടക്കുന്ന ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ ജപ്പാൻ സമയം ഉച്ചയ്ക്ക് 1.30 ന് ആരംഭിക്കും. ഇന്ത്യയിൽ മത്സരം രാവിലെ 10 മണിക്കാണ്. ഇന്ത്യ ജപ്പാനേക്കാൾ മൂന്ന് മണിക്കൂർ 30 മിനിറ്റ് പിന്നിലാണ്.
ഇന്ത്യ സെമിഫൈനലിൽ എത്തുകയാണെങ്കിൽ ഒക്ടോബർ 1ലെ രണ്ടാം സെമിഫൈനലും ജപ്പാൻ സമയം ഉച്ചയ്ക്ക് 1.30 ന് തന്നെ നടക്കും. ഒക്ടോബർ 3 ലെ സ്വർണമെഡൽ മത്സരത്തിനും ഇതേ സമയമാണ്. ആദ്യ ക്വാർട്ടർ ഫൈനൽ, ആദ്യ സെമിഫൈനൽ, വെങ്കല മെഡൽ മത്സരം എന്നിവ ജപ്പാൻ സമയം രാവിലെ 9 ന് ആരംഭിക്കും.
ജപ്പാനിൽ നേരത്തെ ഇരുട്ടാകുന്നതിനാലും മത്സരവേദിയിൽ ഫ്ലഡ്‌ലൈറ്റ് സൗകര്യമില്ലാത്തതിനാലുമാണ് പുരുഷ മത്സരങ്ങൾ നേരത്തെയാക്കുന്നതെന്നാണ് വിവരം. പുരുഷ മത്സരങ്ങൾ കൂടുതൽ സമയം നീളാൻ സാധ്യതയുള്ളതും സമയമാറ്റത്തിന് കാരണമായി.
അഫ്ഗാനിസ്ഥാൻ, ജപ്പാൻ, നേപ്പാൾ, ഹോങ്കോങ്, മലേഷ്യ, ഒമാൻ ടീമുകൾ പങ്കെടുക്കുന്ന പ്രാഥമിക റൗണ്ട് മത്സരങ്ങൾക്കും വനിതാ മത്സരങ്ങൾക്കും സമയമാറ്റമില്ല. ഏഷ്യൻ ഗെയിംസ് സെപ്തംബർ 19 ന് ആരംഭിച്ച് ഒക്ടോബർ 4ന് സമാപിക്കും.









0 comments