അമേരിക്കയിൽ ഇന്ത്യൻ വംശജയായ യുവതിയെ വെടിവച്ച് കൊലപ്പെടുത്തി

ശാലിനി എന്ന യുവതിയെ ഒരു വർഷത്തോളം പിന്തുടരുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്ന രോഹിത് എന്ന 22 കാരനാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ 38 കാരിയെ റെസ്റ്റോറന്‍റിന് പുറത്ത് വെടിവച്ച് കൊലപ്പെടുത്തി. സാക്രമെന്റോയിലെ ആർഡൻ-ആർക്കേഡ് മേഖലയിലായിരുന്നു സംഭവം. യുവതിയെ ഒരു വർഷത്തോളം പിന്തുടരുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്ന 22 കാരനാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
ശാലിനി താക്കൂർ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പനേര ബ്രെഡ് റെസ്റ്റോറന്‍റിന് പുറത്ത് വെച്ചാണ് വെടിവയ്പുണ്ടായത്. രക്ഷപ്പെടാൻ ശ്രമിച്ച ശാലിനിയെ പ്രതി പിന്തുടർന്ന് നിരവധി തവണ വെടിവച്ചതായി ദൃക്‌സാക്ഷികൾ പൊലീസിനോട് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു.
സംഭവത്തിന് പിന്നാലെ പ്രതി രോഹിത് വാഹനത്തിൽ രക്ഷപ്പെട്ടു. ദൃക്‌സാക്ഷികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയുടെ വാഹനം ഹൈവേ 50 ൽ കണ്ടെത്തി. പൊലീസ് വളഞ്ഞതോടെ വാഹനത്തിനുള്ളിൽ ഇയാൾ സ്വയം വെടിവയ്ക്കുകയായിരുന്നു. പിന്നീട് ഇയാൾ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
രോഹിത് ശാലിനിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും അവർ നിരസിച്ചതിനെ തുടർന്ന് ശല്യം ചെയ്യൽ ശക്തമായതായി അമ്മ സുദേഷ് കുമാരി പറഞ്ഞു. വീടിന് പുറത്ത് മണിക്കൂറുകളോളം കാത്തുനിൽക്കുക, കാറിന്റെ ടയറിലെ കാറ്റ് കളയുക, ആപ്പിൾ എയർടാഗ് ഉപയോഗിച്ച് യാത്രകൾ നിരീക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ ഇയാൾ ചെയ്തതായി കോടതി രേഖകളിലുണ്ട്.
രോഹിതിന്‍റെ ഉപദ്രവം സഹിക്കാനാവാതെ ശാലിനി കോടതിയെ സമീപിക്കുകയും രോഹിതിനെതിരെ ഉത്തരവ് നേടുകയും ചെയ്തിരുന്നു. മേയ് 19ന് ഉത്തരവ് കൈമാറിയെങ്കിലും പിന്നീട് ഇയാൾ അത് ലംഘിച്ചതായും പൊലീസ് പറഞ്ഞു.
സംഭവത്തിന് ഏകദേശം ഒരു മണിക്കൂർ മുമ്പ് ശാലിനി അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു. 15 മിനിറ്റിനകം തിരികെ വിളിക്കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് വിളിച്ചില്ല. തുടർന്നുള്ള അമ്മയുടെ കോളുകൾക്കും സന്ദേശങ്ങൾക്കും മറുപടി ലഭിച്ചില്ല. കൊലപാതകത്തിന്റെയും ദീർഘകാലമായി തുടരുന്ന ശല്യപെടുത്തലിന്റെയും പശ്ചാത്തലത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.








0 comments