'കൈയിൽ 216 ക്രെഡിറ്റ് കാർഡ്'; ചെക്ക് പോസ്റ്റിൽ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ച് യുവാവ്

വാളയാർ: വാളയാർ ചെക്പോസ്റ്റിലെ വാഹനപരിശോധനയ്ക്കിടെ യുവാവിന്റെ കൈയിലെ ക്രെഡിറ്റ് കാർഡുകൾ കണ്ട് ഉദ്യോഗസ്ഥർ അമ്പരന്നു. 216 ക്രെഡിറ്റ് കാർഡുകളുമായി ഗുജറാത്ത് പോർബന്തർ സ്വദേശി ഒഡേതര രവി ഭീമയെ ആദ്യം എക്സൈസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അസ്വാഭാവികമായി ഒന്നുമില്ലെന്ന് കണ്ടെത്തിയതോടെ ഇയാളെ ഉപാധികളോടെ വിട്ടയച്ചു.
ശനിയാഴ്ച ഹൈദരാബാദിൽനിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന ദീർഘദൂര ബസിൽനിന്ന് എക്‌സൈസ് സിഐ ടി ആർ മുകേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കസബ സിഐ എൻ എസ് രാജീവിന്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ പരിശോധനയിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.
കൊച്ചിയിൽനിന്ന് മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങി ഗുജറാത്തിലെ പോർബന്തറിൽ എത്തിച്ച് വിൽക്കുന്നയാളാണ് രവി. വാങ്ങിയ സാധനങ്ങളുടെ ബില്ലും ഉണ്ടായിരുന്നു. വിലക്കുറവ് നേടാനാണ് ഇത്രയും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചതെന്നും കണ്ടെത്തി.








0 comments