ad
Deshabhimani

പശ്ചിമേഷ്യൻ സംഘർഷം: അബുദാബി കിരീടാവകാശി പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി

crown prince abudhabhi iran president

അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ നിന്ന്

വെബ് ഡെസ്ക്

Published on Sep 12, 2026, 09:05 PM | 1 min read

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിലായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. ‌‌‌


പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. ​ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും സ്ഥിതിഗതികൾ ശാന്തമാക്കാനുമുള്ള ശ്രമങ്ങൾ നടത്തേണ്ടത് ആവശ്യമാണെന്ന് അൽ നഹ്യാനും പെസെഷ്കിയനും ഊന്നിപ്പറഞ്ഞു. മേഖലയിലെ ജനങ്ങൾക്ക് സമാധാനവും വികസനവും ഉറപ്പാക്കുന്നതിനുള്ള അവസരങ്ങളുണ്ടാക്കണമെന്നും ചർച്ചയിൽ ആവശ്യം ഉയർന്നു.


ഇരുവരുടെയും കൂടിക്കാഴ്ച വളരെ നിർണായകമെന്ന് കരുതുന്നതായി യുഎൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു. സംഘർഷാവസ്ഥ നിലനിൽക്കുമ്പോൾ, അതിൽ ഉൾപ്പെട്ടവർ തമ്മിൽ കൂടിക്കാഴ്ച നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


യുഎഇ–ഇന്ത്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതും സാമ്പത്തിക സഹകരണം വിപുലീകരിക്കുന്നതും വിവിധ മേഖലകളിൽ പുതിയ പങ്കാളിത്തങ്ങൾ രൂപപ്പെടുത്തുന്നതിനുമായി അബുദാബി കിരീടാവകാശിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയിരുന്നു.


ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ ശനിയാഴ്ചയായിരുന്നു കൂടിക്കാഴ്ച. യുഎഇ–ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) പ്രകാരമുള്ള സഹകരണവും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പുരോഗതിയും വിലയിരുത്തി. പരസ്പര താൽപര്യമുള്ള വിവിധ വിഷയങ്ങളും നേതാക്കൾ ചർച്ച ചെയ്തു. സഹകരണവും വികസന പങ്കാളിത്തവും കൂടുതൽ വിപുലീകരിക്കാനുള്ള പ്രതിബദ്ധത ഇരുവരും ആവർത്തിച്ചു.


യുഎഇ പ്രസിഡന്റ് ഷൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ആശംസകൾ ഷൈഖ് ഖാലിദ് പ്രധാനമന്ത്രി മോദിയെ അറിയിച്ചു. യുഎഇ പ്രസിഡന്റിനുള്ള തന്റെ ആശംസകൾ മോദിയും കൈമാറി. ബ്രിക്സ് ഉച്ചകോടിക്ക് ശേഷം അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിൽ നിന്ന് മടങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home