കേരളം കാത്തിരിക്കുന്നത് ഇ ഡി അന്വേഷണത്തിലെ സർക്കാർ നിലപാട് അറിയാൻ: എം വി ഗോവിന്ദൻ

കണ്ണൂർ: പിണറായിക്കെതിരായ ഇ ഡി അന്വേഷണത്തിൽ സംസ്ഥാന സർക്കാർ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്നറിയാൻ കേരളം ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പിണറായിയെ എന്തേ ഇ ഡി അറസ്‌റ്റ് ചെയ്യാത്തതെന്ന് തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെത്തി പ്രസംഗിച്ചയാളാണ് രാഹുൽ ഗാന്ധി. അതേ രാഹുൽ ഗാന്ധിക്കെതിരെ ഇ ഡി നടപടിയുണ്ടായപ്പോൾ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിച്ചത് ഇടതുപക്ഷം ആയിരുന്നു. കണ്ണൂരിൽ സിപിഐ എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്‌മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.
ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയസാഹചര്യം സൃഷ്ടിക്കാൻ പണിയെടുക്കുന്ന അന്വേഷണ ഏജൻസിയാണ് ഇ ഡി. ആദ്യം ലക്ഷ്യം നിശ്‌ചയിച്ച് അതിന് തെളിവുകൾ ഉണ്ടാക്കുകയാണ് അവരുടെ രീതി. ബംഗാളിലും അസമിലുമൊക്കെ അത് കണ്ടതാണ്. സിഎംആർഎൽ കന്പനിയുടെ ഡയറിയിൽ 132 കോടിയുടെ ഇടപാടുകളെ പറ്റിയാണ് പറയുന്നത്. അതിൽ മൂന്ന് കോടിയാണ് പിണറായിയുമായി ബന്ധപ്പെടുത്തി ഇഡി പറയുന്നത്. ബാക്കി കോടികളുടെ ഉത്തരവാദികൾക്കെതിരെ എന്താണ് ഇഡി മിണ്ടാത്തത് എന്നതാണ് ഏറ്റവും വിരോധാഭാസം. ബന്ധപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്തവരാണ് രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും.
ഇഡി അന്വേഷിച്ച മറ്റൊരു കേസാണല്ലോ കരുവന്നൂർ ബാങ്കിലേത്. അഴിമതി ആരോപണം ഉയർന്നപ്പോൾ ജയിലിലായ മാനേജരെയും സെക്രട്ടറിയെയും ഇഡി ചെന്ന് കണ്ടിരുന്നു. നേതാക്കൾക്കെതിരെ പറഞ്ഞാൽ കേസിൽ മാപ്പുസാക്ഷിയാക്കാം എന്നാണ് വാഗ്‌ദാനം ചെയ്‌തത്. അങ്ങനെയാണ് സിപിഐ എമ്മിന്റെ ജില്ലാ സെക്രട്ടറിമാരായിരുന്ന എ സി മൊയ്‌തീനും സി വി വർഗീസിനും കെ രാധാകൃഷ്‌ണനും ഇപ്പോഴത്തെ സെക്രട്ടറി കെ വി അബ്‌ദുൾ ഖാദറിനുമെതിരെ കേസെടുത്തത്. ലോകത്ത് ഇങ്ങനെയൊരു അന്വേഷണ ഏജൻസി ഉണ്ടാവുമോ? ആരെയെങ്കിലും ശിക്ഷിക്കാനല്ല ഇഡിയുടെ കേസെന്ന് എല്ലാവർക്കുമറിയാം. പുകമറ സൃഷ്‌ടിക്കുക മാത്രമാണ് ലക്ഷ്യം. ഇഡി അന്വേഷിച്ച എണ്ണായിരം കേസുകളിൽ 54 എണ്ണം മാത്രമാണ് എന്തെങ്കിലും കഴന്പുള്ളത്.
എല്ലാ ആരോപണങ്ങൾക്കും വർഷങ്ങളായി മറുപടി പറഞ്ഞുതന്നെയാണ് ഞങ്ങൾ പോകുന്നത്. ഇനിയും അത് തുടരും. ഇഡി അന്വേഷണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് തീരുമാനം. പിണറായിയെ പിടിക്കുക എന്നത് മാത്രമാണ് നേരത്തെ അവരുടെ ഉന്നം. ഇപ്പോൾ അതിനൊപ്പം റിയാസിനെയും ഉന്നംവയ്‌ക്കുന്നു. കമ്യൂണിസ്‌റ്റ് പാർടിയുടെ അന്ത്യം കാണാൻ ആഗ്രഹിക്കുന്ന വലതുപക്ഷശക്തികളും മാധ്യമങ്ങളും അതിനൊപ്പമുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.









0 comments