ഇറാഖിൽ നിന്നും ആക്രമണം; സൗദി അറേബ്യയുടെ പ്രധാന എണ്ണ പൈപ്പ് ലൈൻ അടച്ചുപൂട്ടി

റിയാദ്: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാവുകയാണ്. സൗദി അറേബ്യയുടെ പ്രധാന എണ്ണ പൈപ്പ് ലൈന് നേരെ വ്യോമാക്രമണമുണ്ടായി. തീപിടിത്തത്തിനും നാശനഷ്ടങ്ങൾക്കും പിന്നാലെ നിർണായക പൈപ്പ്ലൈൻ പ്രവർത്തനം നിർത്തിവച്ചു.
ഇറാഖിന്റെ അതിർത്തിക്കുള്ളിൽ നിന്ന് വിക്ഷേപിച്ച ഡ്രോണുകളാണ് സൗദിയുടെ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈൻ' തകർത്തത്. കരമാർഗം എണ്ണ എത്തിക്കാനുള്ള വലിയ സംവിധാനമാണ് തകർന്നത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം പ്രതിസന്ധിയിലായതോടെ ആഗോള തലത്തിൽ എണ്ണ വിതരണം നടന്നിരുന്ന ശക്തമായ പാതയായിരുന്നു 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈൻ. കഴിഞ്ഞ ആറ് മാസമായി 1200 കിലോമീറ്റർ നീളമുള്ള ഈ പാതയിലൂടെ പ്രതിദിനം 4 മുതൽ 5 ദശലക്ഷം വരെ ബാരൽ എണ്ണയാണ് കടന്നുപോയിരുന്നത്.
ഇറാഖ് പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച് തല്‍ക്കാലം തിരിച്ചടിക്കില്ലെന്നും എന്നാല്‍, തങ്ങളുടെ പരമാധികാരവും ആസ്തികളും സംരക്ഷിക്കാന്‍ ഏത് നടപടിയും സ്വീകരിക്കാന്‍ അവകാശമുണ്ടെന്നും സൗദി വ്യക്തമാക്കി. സംഭവത്തില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയ ഇറാഖ് സര്‍ക്കാര്‍, പ്രവിശ്യയിലെ മിലിട്ടറി ഓപ്പറേഷന്‍സ് കമാന്‍ഡറെ പുറത്താക്കി.
ആക്രമണത്തിന് പിന്നാലെ ഇറാഖിനും ഇറാനും തമ്മിലുള്ള തെക്കന്‍ അതിര്‍ത്തി കവാടമായ ഷലാഞ്ചെ താല്‍ക്കാലികമായി അടച്ചുപൂട്ടി. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് നടപടിയെന്നാണ് റിപ്പോർട്ട്.
ഇറാനും ഇറാഖും തമ്മിലുള്ള പ്രധാനപ്പെട്ട വാണിജ്യ അതിർത്തി കവാടമാണ് ഷലാഞ്ചെ. ഇറാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖുസെസ്താനിലെ ഖൊറംഷഹർ നഗരത്തിനും ഇറാഖിലെ ബസ്ര നഗരത്തിനും ഇടയിലാണ് ഈ അതിർത്തി സ്ഥിതി ചെയ്യുന്നത്.
സൗദി ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനായി രാജ്യത്ത് വ്യാപക തെരച്ചിൽ നടക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ച് സൈനിക സഹായം അഭ്യര്‍ഥിച്ചതായും റിപ്പോർട്ടുകളുണ്ട്.









0 comments