മാറുന്ന മുഖം; ഉയരുന്ന ആശങ്കകൾ

വാളയാർ ചെക്ക് പോസ്റ്റിലെ തിരക്ക് (ഫയൽ ചിത്രം)
എസ് നന്ദകുമാർ
Published on Aug 07, 2026, 12:18 AM | 2 min read
വാളയാർ മുന്പ് ഒരു അതിർത്തി ഗ്രാമത്തിന്റെ പേരായിരുന്നു. കേരളത്തേയും തമിഴ്‌നാടിനേയും വേർതിരിക്കുന്ന അടയാളങ്ങൾ പേറുന്ന ചേലാർന്ന പ്രദേശം. ചെക്ക്‌പോസ്‌റ്റുകൾ വന്നതോടെ അത് പരിശോധനാ സംവിധാനത്തിന്റെ മറുപേരായി. ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ വാളയാർ ചെക്ക്പോസ്‌റ്റ് നാടിന്റെ അഭിമാനമായിരുന്നു. ലോറികളുടെ നീണ്ട നിരകളും തിരക്കേറിയ വ്യാപാര സ്ഥാപനങ്ങളും വിവിധ വകുപ്പുകളുടെ പരിശോധനാ സംവിധാനങ്ങളും നിറഞ്ഞുനിന്ന വാളയാർ ഇന്ന് മറ്റൊരു കാഴ്ചയാണ് സമ്മാനിക്കുന്നത്. കാലിയായ താൽക്കാലിക ചെക്ക്പോസ്റ്റുകൾ അവശേഷിക്കുന്ന മരുപ്പറന്പ്. ഒരു ഗ്രാമത്തിന്റെ ശോഭ കെടുത്തിയ മാറ്റിമറിച്ചിലുകൾ. വാളയാറിലെ നിലവിലെ സ്ഥിതി സംബന്ധിച്ച് ‘ദേശാഭിമാനി’ പുതുശേരി ഏരിയ ലേഖകൻ എസ് നന്ദകുമാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ഇന്നുമുതൽ.
വാളയാറിലെ മോട്ടോർ വാഹന ചെക്ക്പോസ്റ്റ് 1958ലാണ് സ്ഥാപിച്ചത്. ഇത് ഇന്റഗ്രേറ്റഡ് ചെക്ക്പോസ്റ്റാക്കി മാറ്റാനായി 2021ൽ പഴയ കെട്ടിടം പൊളിച്ചുമാറ്റി. തുടർന്ന് മലബാർ സിമന്റ്സ് കമ്പനിക്ക് എതിർവശത്തുള്ള റോഡിൽ കണ്ടെയ്നർ ചെക്ക്പോസ്റ്റായാണ് നാലുവർഷമായി പ്രവർത്തിച്ചുവന്നത്. എന്നാൽ ചെക്ക്പോസ്റ്റ് സംവിധാനം ഓൺലൈനിലേക്ക് മാറിയതോടെ ഇന്റഗ്രേറ്റഡ് ചെക്ക്പോസ്റ്റ് പദ്ധതി ഉപേക്ഷിച്ചു. വാളയാറിന്റെ ചരിത്രവുമായി ഏറ്റവും കൂടുതൽ ഇഴചേർന്നുകിടക്കുന്നത് വാണിജ്യനികുതി, മോട്ടോർ വാഹന, എക്‌സൈസ് ചെക്ക്പോസ്റ്റുകളാണ്. സ്പിരിറ്റ് കടത്ത്, ഗതാഗതക്കുരുക്ക്, കള്ളക്കടത്ത് തുടങ്ങിയ വിഷയങ്ങളിലൂടെ ഒരുകാലത്ത് രാജ്യമൊട്ടാകെ ശ്രദ്ധ നേടിയ പ്രദേശമായിരുന്നു വാളയാർ. ഈ പശ്ചാത്തലമാണ് മലയാളത്തിൽ പുറത്തിറങ്ങിയ റൺവേ സിനിമയിലെ ‘വാളയാർ പരമശിവം’ കഥാപാത്രത്തിനും ആധാരമായത്. ജിഎസ്ടി നിലവിൽ വന്നതോടെ 2017 ജൂലൈ ഒന്നിന് വാണിജ്യ നികുതി ചെക്ക്പോസ്റ്റിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. എന്നാൽ കോവിഡ് കാലത്ത് അതിർത്തികടന്ന് യാത്രക്കാർ എത്തിയപ്പോൾ പരിശോധനയ്ക്കും പാസ് വിതരണത്തിനും കേരളത്തിൽ പ്രധാന പങ്കുവഹിച്ച കേന്ദ്രങ്ങളിലൊന്നായിരുന്നു വാളയാർ ചെക്ക്പോസ്റ്റ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള പ്രധാന അതിർത്തിയായ വാളയാർ വഴി ലഹരിക്കടത്ത് വ്യാപകമായിരുന്നെങ്കിലും എൽഡിഎഫ് സർക്കാരിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് അതിർത്തിയിലും ടോൾ പ്ലാസയിലും എക്‌സൈസ്–പൊലീസ് സംഘങ്ങൾ നിരവധി കേസുകൾ പിടികൂടിയിരുന്നു. 2025വരെ ചില വാഹനങ്ങൾ മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ പരിശോധനയ്ക്കായി തടഞ്ഞിരുന്നു. എന്നാൽ ജില്ലയിലെ വിവിധ ചെക്ക്പോസ്റ്റുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കൈക്കൂലിപ്പണം പിടികൂടിയതോടെ പ്രവർത്തനം പൂർണമായും നിലച്ചു. നിലവിൽ അതിർത്തിയിൽ സംശയം തോന്നുന്ന വാഹനങ്ങൾ എക്‌സൈസ്, ജിഎസ്ടി, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തടയുമെന്നല്ലാതെ പ്രത്യേക പരിശോധനകളൊന്നും നടക്കുന്നില്ല. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് പിടികൂടുന്ന ലഹരി, കുഴൽപ്പണ കേസുകളിൽ ഭൂരിഭാഗവും വാളയാർ വഴി കടന്നുപോയവയാണ്. (നാളെ: അതിർത്തി കടക്കുന്ന ഭീഷണി: ലഹരിയും എച്ച്ഐവിയും)










0 comments