വാൽപ്പാറ അപകടം
ബന്ധുക്കളെ കണ്ടെത്താൻ സഹായിച്ചത് നൗഷാദ്

കോയമ്പത്തൂർ
‘മിണ്ടാനാകാത്ത അത്രയും അവശത. ഗുരുതരാവസ്ഥയിൽ വിറച്ച ചുണ്ടുകളോടെ നൗഷാദ് പറഞ്ഞുതന്ന ഫോൺ നമ്പർ. ബന്ധുക്കളെ കണ്ടെത്താനും രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും നിമിത്തമായത് അയാളുടെ നിശ്ചയദാർഢ്യം’ – വാൽപ്പാറ അപകടത്തിൽ പരിക്കേറ്റ് മരണത്തിന് കീഴടങ്ങിയ പാങ്ങ് ജിഎൽപി സ്കൂൾ വാൻ ഡ്രൈവർ നൗഷാദിനെ ഓർത്തെടുക്കുകയാണ് പൊള്ളാച്ചി കേരളസമാജം അംഗം ജി കെ രാമദാസ്. ആളിയാർ–വാൽപ്പാറ മേഖലകളിൽ അപകടമുണ്ടാകുമ്പോൾ പൊലീസ് ആദ്യം വിളിക്കുന്നത് രാമദാസിനെയാണ്. ബന്ധുക്കളെ കണ്ടെത്താനും ആശുപത്രിയിൽ കാര്യങ്ങൾ ഏകോപിപ്പിക്കാനും മുന്നിലുണ്ടാകും. 13–ാം വളവിൽ ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിലും പൊലീസ് ബന്ധപ്പെട്ടത് ഇദ്ദേഹത്തെ. നൗഷാദ് പറഞ്ഞ ഫോൺനമ്പറിൽ രാമദാസ് നാട്ടിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റിനെയുൾപ്പെടെ ബന്ധപ്പെട്ടു. ബന്ധുക്കളെത്തി പോസ്റ്റ്‌മോർട്ടം നടപടി വേഗത്തിലാക്കാനുള്ള രേഖകൾ ഏകോപിപ്പിക്കുന്നതിലും മുന്നിൽനിന്നു. അപകടത്തിൽപ്പെട്ടത് മലയാളികളായതിനാൽ ഭാഷാ പ്രശ്നമുൾപ്പെടെയുള്ള കാര്യങ്ങളിൽ പരിഹാരമുണ്ടാക്കിയത് രാമദാസാണ്.











0 comments