ad
Deshabhimani

ബഹിരാകാശവാസം മനുഷ്യശരീരത്തിൽ മാറ്റങ്ങളുണ്ടാക്കുമോ? പുതിയ അധ്യായം കുറിക്കാൻ അനിൽ മേനോൻ

Anil Menon NASA

അനിൽ മേനോൻ | Photo by NASA

വെബ് ഡെസ്ക്

Published on Jul 10, 2026, 10:13 AM | 2 min read

വാഷിം​ഗ്ടൺ : ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങൾക്ക് പുതിയൊരു തിളക്കം കൂടി സമ്മാനിച്ചുകൊണ്ട് ബഹിരാകാശ ശാസ്ത്രജ്ഞൻ അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള തന്റെ എട്ട് മാസം നീണ്ട ചരിത്ര ദൗത്യത്തിന് ഒരുങ്ങുന്നു. ജൂലൈ 14ന് കസാഖ്സ്ഥാനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് റോസ്കോസ്മോസിന്റെ സോയൂസ് എംഎസ്-29 ബഹിരാകാശ പേടകത്തിലാണ് അനിൽ മേനോൻ യാത്ര തിരിക്കുക. കോസ്മോണോട്ടുകളായ പ്യോട്ടർ ഡുബ്രോവ്, അന്ന കികിന എന്നിവരും ഈ സുപ്രധാന ദൗത്യത്തിൽ അദ്ദേഹത്തോടൊപ്പമുണ്ടാകും. ദീർഘകാലത്തെ ബഹിരാകാശവാസം മനുഷ്യശരീരത്തിൽ ഉണ്ടാക്കുന്ന വ്യതിയാനങ്ങളെക്കുറിച്ചുള്ള നിർണായക പരീക്ഷണങ്ങളും ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്ക് ആവശ്യമായ സാങ്കേതികവിദ്യകളുടെ വികസനവുമാണ് ഈ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്.


മിനിയാപൊളിസിൽ യുക്രേനിയൻ-ഇന്ത്യൻ കുടിയേറ്റ ദമ്പതികളുടെ മകനായി ജനിച്ച 49കാരനായ ഡോ അനിൽ മേനോൻ എമർജൻസി മെഡിസിൻ ഫിസിഷ്യനും യുഎസ് സ്പേസ് ഫോഴ്സിലെ കേണലുമാണ്. യുഎസ് എയർഫോഴ്സ് നടത്തിയ അഫ്ഗാനിസ്ഥാനിലെ മുൻനിര പോരാട്ടങ്ങളിൽ പങ്കാളിയാകേണ്ടി വന്നിട്ടുള്ള അദ്ദേഹം ജീവൻ രക്ഷാപ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഹിമാലയൻ റെസ്ക്യൂ അസോസിയേഷനുമായി ചേർന്ന് എവറസ്റ്റ് കൊടുമുടി കയറുന്നവരെ പരിചരിക്കുന്നതിലും മുൻപ് റോട്ടറി അംബാസഡറിയൽ സ്കോളറായി ഇന്ത്യയിൽ കഴിഞ്ഞ് പോളിയോ വാക്സിനേഷൻ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. 2014ൽ ഫ്ലൈറ്റ് സർജനായാണ് നാസയിൽ കരിയർ ആരംഭിക്കുന്നത്.


തുടർന്ന് സ്പേസ് എക്സിൽ ചേർന്ന അനിൽ, കമ്പനിയുടെ മെഡിക്കൽ പ്രോഗ്രാമിന് തുടക്കം കുറിക്കുകയും അവരുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രകൾക്കുള്ള തയ്യാറെടുപ്പുകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. കോർപ്പറേറ്റ് ബഹിരാകാശ വിപണി ലക്ഷ്യമിട്ട് ചന്ദ്രൻ, ചൊവ്വ തുടങ്ങിയ ദൗത്യങ്ങൾക്കായി സ്പേസ് എക്സ് വികസിപ്പിക്കുന്ന സ്റ്റാർഷിപ്പ് റോക്കറ്റിന്റെ നിർമാണത്തിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. 2021 ഡിസംബറിലാണ് അദ്ദേഹം നാസയുടെ ബഹിരാകാശ യാത്രികനായി തിരഞ്ഞെടുക്കപ്പെടുന്നത്. ഭാര്യ അന്ന വിൽഹെം പ്രശസ്തയായ ബഹിരാകാശ യാത്രികയാണ്. 2024 സെപ്റ്റംബറിൽ സ്പേസ് എക്സ് വിജയകരമായി പൂർത്തിയാക്കിയ പോളാരിസ് ഡോൺ എന്ന സ്വകാര്യ കോർപ്പറേറ്റ് ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി അവർ യാത്ര ചെയ്തിരുന്നു.


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വെച്ച് ഗുരുത്വാകർഷണമില്ലാത്ത അവസ്ഥ മനുഷ്യന്റെ രക്തയോട്ടത്തെയും സിരകളുടെ ഘടനയെയും എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് പരിശോധിക്കുന്ന വിപുലമായ പരീക്ഷണങ്ങൾക്ക് മേനോൻ നേതൃത്വം നൽകും. കൂടാതെ ബഹിരാകാശ നിലയത്തിലെ കുടിവെള്ള സംവിധാനം ഉപയോഗിച്ച് ഐവി ഫ്ലൂയിഡുകൾ നിർമിക്കുന്ന സാങ്കേതികവിദ്യയും പരിശോധിക്കും. ഭാവിയിൽ മെഡിക്കൽ സാമഗ്രികൾ പരിമിതമായേക്കാവുന്ന ദീർഘദൂര ബഹിരാകാശ യാത്രകളിൽ ഈ സംവിധാനം ഏറെ നിർണായകമാകും.


സൂപ്പർ കമ്പ്യൂട്ടറുകൾക്കും എഐക്കും ആവശ്യമായ സെമികണ്ടക്ടർ ക്രിസ്റ്റലുകൾ ബഹിരാകാശത്ത് വെച്ച് നിർമിക്കുന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങളും തുടരും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ഓഗ്മെന്റഡ് റിയാലിറ്റിയുടെയും സഹായത്തോടെ ഭൂമിയിൽ നിന്നുള്ള മെഡിക്കൽ സഹായമില്ലാതെ തന്നെ ബഹിരാകാശത്ത് അൾട്രാസൗണ്ട് പരിശോധനകൾ നടത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യകളും ഈ ദൗത്യത്തിലൂടെ പരീക്ഷിക്കപ്പെടുന്നുണ്ട്. വൈദ്യശാസ്ത്രം, നാസ, ബഹിരാകാശ ഗവേഷണം എന്നിവയിലെല്ലാം തന്റേതായ മുദ്ര പതിപ്പിച്ച ശേഷമാണ് അനിൽ മേനോൻ ഈ എട്ട് മാസത്തെ പുതിയ ദൗത്യത്തിലേക്ക് കടക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home