ബൈക്ക് ഇടിച്ച് സുഹൃത്തുക്കൾ മരിച്ച സംഭവത്തിൽ വഴിത്തിരിവ്; അപകടം കാറിടിച്ച്, ഡ്രൈവർ കസ്റ്റഡിയിൽ

നവീൻ സിബി , മൃദുല ആൻ ഉമ്മൻ
തിരുവനന്തപുരം: തിരുവല്ലം കഴക്കൂട്ടം-കാരോട് ദേശീയപാതയിൽ സുഹൃത്തുക്കൾ സഞ്ചരിച്ച ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറി ഐടി ജീവനക്കാരായ സുഹൃത്തുക്കൾ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. കഴക്കുട്ടം യു സ് ടി ഗ്ലോബലിലെ ജീവനക്കാരൻ എറണാകുളം മുളവുർ ഈസ്റ്റ് വാഴപിളളി നിരപ്പിൽ വലിയവീട്ടിൽ പറമ്പിൽ നവീൻ സിബി (25), കഴക്കൂട്ടം കിൻഫ്രയിലെ ഇവൈ ജിബിഎസ് ഇന്ത്യാ ലിമിറ്റഡിലെ ജീവനക്കാരി ഇടുക്കി തൊടുപുഴ കരികുന്നം മുട്ടം മ്‌റാള അരികുപുറത്ത് മൃദുല ആൻ ഉമ്മൻ(25) എന്നിവർ സഞ്ചരിച്ച ബൈക്കിനെ കാർ ഇടിച്ചിട്ടതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
അപകട സ്ഥലം സന്ദർശിച്ച പൊലീസിന് തോന്നിയ സംശയമാണ് ഇരുവരുടെയും മരണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ സഹായിച്ചത്. സംഭവത്തിൽ കാർ ഡ്രൈവർ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കുറ്റംസമ്മതിച്ചതായി പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളിലും കാർ ഇടിച്ചാണ് അപകടമുണ്ടാക്കിയതെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. മാറനല്ലൂർ സ്വദേശിയായ കാർ ഡ്രൈവർ വിഷ്ണുവിനെ വീട്ടിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭയന്നത് കൊണ്ടാണ് നിർത്താതെ പോയതെന്നാണ് വിഷ്ണു നൽകിയ മൊഴി. കഴിഞ്ഞ ദിവസം തിരുവല്ലം ടോൾ പ്ലാസയ്ക്കു സമീപമാണ് ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു അപകടം നടന്നത്.
കോവളം ഭാഗത്തേക്ക് പോകുകയായിരുന്ന ഇവരുടെ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അവിടെ സ്ഥാപിച്ചിരിക്കുന്ന വൈദ്യുത പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് ആദ്യം വന്ന റിപ്പോർട്. അപകടത്തിൽ രണ്ടുപേരുടെയും തലയ്ക്ക് ആണ് ഗുരുതര പരിക്കേറ്റത്. യുവതി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ജീവനുണ്ടായിരുന്ന യുവാവിനെ ദേശീയപാത അതോറിറ്റിയുടെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു. നവീന്റെ അച്ഛൻ സിബി ജോസഫ്. മൃദുലയുടെ അച്ഛൻ ഉമ്മൻ വർഗീസ്, അമ്മ സജി ഉമ്മൻ.










0 comments