ad
Deshabhimani

മതപരിവർത്തന കേസ്; ഗർഭിണിയായ മുൻ ടിസിഎസ് ജീവനക്കാരിക്ക് ജാമ്യം

tcs

നിദ ഖാൻ| Photo Credit:NDTV

വെബ് ഡെസ്ക്

Published on Jul 10, 2026, 10:57 AM | 1 min read

നാസിക്: മഹാരാഷ്ട്രയിലെ ടിസിഎസ് ഓഫീസുമായി ബന്ധപ്പെട്ട മതപരിവർത്തന കേസിൽ പ്രതിയായ മുൻ ജീവനക്കാരി നിദ ഖാന് ജാമ്യം. അഞ്ച് മാസം ഗർഭിണിയായ ഇവർക്ക് ജാമ്യം അനുവദിക്കവെ, ജയിലിൽ പ്രസവിക്കുന്നത് വലിയ മാനസികാഘാതം സൃഷ്ടിക്കുമെന്ന് നിരീക്ഷിച്ച കോടതി, ജയിലിലെ പ്രസവത്തെയും അതുണ്ടാക്കുന്ന സാമൂഹിക കളങ്കത്തെയും കംസന്റെ തടവറയിൽ ശ്രീകൃഷ്ണൻ ജനിച്ച സംഭവവുമായി താരതമ്യം ചെയ്തു.


നാസിക് റോഡ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെജി ജോഷിയാണ് ജാമ്യ ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ അന്വേഷണം പൂർത്തിയായെന്നും കുറ്റപത്രം സമർപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയ കോടതി, ഗർഭിണിയായ പ്രതിയെ തുടർന്നും ജയിലിൽ പാർപ്പിക്കുന്നത് അനാവശ്യമാണെന്ന് വ്യക്തമാക്കി.


നവജാത ശിശുവിന്റെ ക്ഷേമം കൂടി കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി ഉത്തരവിൽ പറയുന്നു. 75,000 രൂപയുടെ ബോണ്ടിലും തുല്യ തുകയ്ക്കുള്ള ആൾജാമ്യത്തിലുമാണ് ജാമ്യം.


നാസിക്കിലെ ടിസിഎസ് യൂണിറ്റിൽ വനിതാ ജീവനക്കാരെ ലൈംഗികമായി ചൂഷണം ചെയ്യുകയും മതപരിവർത്തനത്തിന് നിർബന്ധിക്കുകയും ചെയ്തെന്നാരോപിച്ചുള്ള കേസുകളിലെ പ്രതിയാണ് നിദ ഖാൻ.


പരാതിക്കാരിയെ മതം മാറാൻ പ്രേരിപ്പിക്കുകയും, നമസ്കരിക്കാൻ പഠിപ്പിക്കുകയും മൊബൈലിൽ ഇസ്‌ലാമിക ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തു നൽകുകയും ചെയ്തുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ പരാതികളുടെ അടിസ്ഥാനത്തിൽ ടിസിഎസ് ഇവരെ നേരത്തെ പിരിച്ചുവിട്ടിരുന്നു.


താൻ നിരപരാധിയാണെന്നും വ്യാജമായി കുടുക്കിയതാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. പ്രതിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും, മാനുഷിക പരിഗണന മുൻനിർത്തി കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home