മക്കളെ ഇരുമ്പ് ദണ്ഡുകൊണ്ട് മർദ്ദിക്കുകയും സിഗരറ്റ് കൊണ്ട് പൊള്ളലേൽപ്പിക്കുകയും ചെയ്തു; തെലങ്കാനയിൽ ദമ്പതികൾ അറസ്റ്റിൽ

നകിരികന്തി രവി (43), ഭാര്യ ഇന്ദു | Photo Credit:Social Media
സൂര്യപേട്ട്: സ്വന്തം മക്കളെ ക്രൂരമായി പീഡിപ്പിച്ചതിന് തെലങ്കാനയിൽ ദമ്പതികൾ അറസ്റ്റിൽ. സൂര്യപേട്ട് ഹുസൂർനഗറിൽ താമസിക്കുന്ന നകിരികന്തി രവി (43), ഭാര്യ ഇന്ദു എന്നിവരാണ് അഞ്ച് വയസ്സുള്ള ധനുഷ്, രണ്ട് വയസ്സുള്ള രേവന്ത് എന്നീ കുട്ടികളെ ക്രൂരമായി മർദ്ദിച്ചതിന് പിടിയിലായത്. ഇരുമ്പ് ദണ്ഡുകൊണ്ട് മർദ്ദിക്കുകയും, ചൂടാക്കിയ വസ്തുക്കൾ കൊണ്ടും സിഗരറ്റ് കൊണ്ടും ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയുമായിരുന്നു.
കുട്ടികളുടെ കരച്ചിൽ കേട്ട് സംശയം തോന്നിയ അയൽവാസികൾ അധികൃതരെ വിവരം അറിയിച്ചതോടെയാണ് ക്രൂരത പുറത്തറിഞ്ഞത്. നാട്ടുകാരും ചൈൽഡ് ലൈൻ പ്രവർത്തകരും ചേർന്ന് കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ കുട്ടികൾ തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് തടസ്സമാണെന്ന് കരുതിയാണ് ക്രൂരത കാട്ടിയതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കുട്ടികളെ പിന്നീട് സർക്കാർ ശിശുഭവനിലേക്ക് മാറ്റി. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത , ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് നിയമനടപടികൾ ആരംഭിച്ചു.









0 comments