മഞ്ഞലോഹത്തിൽ ഭ്രമിക്കാത്ത നന്മ

കുഴൽമന്ദം
മാലിന്യം വേർതിരിക്കുമ്പോൾ ലഭിച്ച സ്വർണമോതിരങ്ങൾ ഉടമയെ ഏൽപ്പിച്ച് ഹരിതകർമ സേന. പെരിങ്ങോട്ടുകുറുശി പഞ്ചായത്തിലെ പെരുവല കുന്നംപറമ്പ് സ്വദേശിനികളായ ഉഷ രാമചന്ദ്രൻ, വിജയകുമാരി, മണ്ണുപറമ്പ് സ്വദേശിനി സുനിത, കാവുതിയാംപറമ്പ് സ്വദേശിനികളായ മിനി, ശിവകാമി, പെരിങ്ങോട്ടുകുറുശി സ്വദേശിനി പ്രസന്ന എന്നിവര്‍ക്കാണ് രണ്ട് സ്വർണമോതിരം ലഭിച്ചത്. നടുവത്തപ്പാറ കല്ലങ്കാട് ഹൗസിൽ വിമുക്തഭടൻ എൻ പ്രേമകുമാരന്റെ വീട്ടിൽനിന്ന് ശേഖരിച്ച മാലിന്യമടങ്ങിയ ചാക്കിൽനിന്നാണ് നാല് ഗ്രാം വരുന്ന ഡയമണ്ടോടുകൂടിയ റോസ് ഗോൾഡും 916ന്റെ മറ്റൊരു മോതിരവും ലഭിച്ചത്. ഏഴിന് പകൽ ഒന്നോടെയാണ് തോട്ടുമുക്ക് എംസിഎഫിൽ ചവർ വേർതിരിക്കുന്നതിനിടെ സ്വർണമോതിരം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും വിവരമറിയിച്ചു. അതോടൊപ്പം ഉടമയെ തേടിയുള്ള അന്വേഷണവും ആരംഭിച്ചു. ഒടുവിൽ മാലിന്യം നിറച്ച ചാക്കിൽനിന്ന് ലഭിച്ച കല്യാണക്കുറി കച്ചിത്തുരുമ്പായി. ഉടമ പഴനിയിൽ ആയതിനാൽ അന്നേദിവസം തിരിച്ചേൽപ്പിക്കാൻ കഴിഞ്ഞില്ല. കോട്ടായി പൊലീസ് സ്റ്റേഷനിൽ പഞ്ചായത്ത് പ്രസിഡന്റ് എ പി പ്രമോദ്, സെക്രട്ടറി എസ് അഫ്താഫ്, അസി. സെക്രട്ടറി എ ഇ മനോജ്, സബ് ഇൻസ്പെക്ടർ വി വിനു എന്നിവരുടെ സാന്നിധ്യത്തിൽ ഉഷ രാമചന്ദ്രൻ പ്രേമകുമാരന്റെ മകൾ വൈഷ്ണവിക്ക് സ്വർണമോതിരങ്ങൾ കൈമാറി.










0 comments