കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പരിഹാരം കണ്ടില്ലെങ്കിൽ ശമ്പളത്തിൽനിന്ന് തുക വിനിയോഗിക്കേണ്ടി വരുമോയെന്ന ആശങ്കയിൽ പ്രധാനാധ്യാപകർ
ഇല്ലാതാകുമോ ഉച്ചഭക്ഷണം?


സ്വന്തം ലേഖകൻ
Published on Jun 04, 2026, 01:16 AM | 1 min read
പാലക്കാട്
ജില്ലയിലെ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിന് വെല്ലുവിളിയായി പാചകവാതക ക്ഷാമവും അമിത വിലയും. ആയിരക്കണക്കിന് കുട്ടികളാണ് സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തെ ആശ്രയിക്കുന്നത്. ഒരു മാസം ഒന്നുമുതൽ നാലുവരെ സിലിണ്ടറുകൾ ആവശ്യമാണ്. കൂടുതലും സ്മാർട്ട് ക്ലാസ് റൂമുകളായതിനാൽ വിറകടുപ്പ് ഉപയോഗിക്കരുതെന്ന നിർദേശവുമുണ്ട്. മറ്റ് വഴികളില്ലാതെ ചില സ്കൂളുകളിൽ വിറകടുപ്പ് ഉപയോഗം ആരംഭിച്ചിട്ടുണ്ട്. മഴക്കാലമായതിനാൽ വിറക് നനഞ്ഞ് കത്താത്ത അവസ്ഥയാണ്. മഴ കനത്താൽ കൂടുതൽ പ്രതിസന്ധിയിലാകും. കൃത്യസമയത്ത് കുട്ടികൾക്ക് ഭക്ഷണം വിളമ്പാനും സാധിക്കില്ല. പട്ടികവർഗ മേഖലയായ അട്ടപ്പാടിയിൽ സ്കൂൾ തുറന്ന് രണ്ടുദിവസം പിന്നിടുമ്പോഴേക്കും പ്രശ്നം ഗുരുതരമായി. ഗോത്രസാരഥി വാഹനങ്ങളിലാണ് കുട്ടികൾ സ്കൂളുകളിലെത്തുന്നത്. ഉൗരുകളിൽനിന്ന് സ്കൂളുകളിലേക്ക് ദൂരം കൂടുതലായതിനാൽ സ്കൂൾ പ്രവർത്തിക്കുന്നതിന് മണിക്കൂറുകൾക്കുമുന്നേ കുട്ടികളെത്തും. ഇവർക്കുള്ള പ്രാതൽ ഒരുക്കേണ്ടത് സ്കൂളുകളുടെ ഉത്തരവാദിത്വമാണ്. കൂടാതെ 16 ട്രൈബൽ ഹോസ്റ്റലുകൾ ഇവിടെയുണ്ട്. നിലവിലെ പട്ടികയനുസരിച്ച് ഭക്ഷണം തയ്യാറാക്കാനാകാത്തതിനാൽ കഴിഞ്ഞ മൂന്നുദിവസമായി റവ ഉപ്പുമാവ് മാത്രമാണ് പ്രാതൽ. എഇഒ ഓഫീസുകൾ മുഖാന്തിരമാണ് സ്കൂളുകളിലെ ഭക്ഷണ വിതരണത്തിനുള്ള തുക നൽകുന്നത്. നിലവിലെ പാചക വിലയനുസരിച്ച് ഇൗ തുക തികയില്ല. എന്നാൽ യുഡിഎഫ്‌സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് മാർഗ നിർദേശത്തിൽ തൽസ്ഥിതി പരിഗണിക്കുന്നേയില്ല. പ്രതിസന്ധിയിൽ കേന്ദ്ര– സംസ്ഥാന സർക്കാരുകൾ പരിഹാരം കണ്ടില്ലെങ്കിൽ ശമ്പളത്തിൽനിന്ന് തുക വിനിയോഗിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് പ്രധാനാധ്യാപകർ.










0 comments