അട്ടപ്പാടിയിൽ അരിവാൾ രോഗം ബാധിച്ച് ആദിവാസി യുവാവ് മരിച്ചു

അട്ടപ്പാടിയിൽ അരിവാൾ രോഗം ബാധിച്ച് ആദിവാസി യുവാവ് മരിച്ചു
അഗളി
അട്ടപ്പാടിയിൽ അരിവാൾ രോഗവും (സിക്കിൾ സെൽ അനീമിയ) മഞ്ഞപ്പിത്തവും മൂർച്ഛിച്ച് ആദിവാസി യുവാവ് മരിച്ചു. കോട്ടത്തറ വെള്ളമാരി സ്വദേശി സുരേഷ് (30) ആണ് മരിച്ചത്. വെള്ളിയാഴ്ച തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ജനിതകരോഗമായ അരിവാൾ രോഗം ചെറുപ്പം മുതലേ സുരേഷിനെ ബാധിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്‌ച കടുത്ത പനിയും വയറിളക്കവും ബാധിച്ചതിനെ തുടർന്ന് വെള്ളിയാഴ്‌ച രാവിലെ സുരേഷിനെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് ഉച്ചയോടെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും, അവിടെനിന്ന് നില കൂടുതൽ ഗുരുതരമായതോടെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. അവിടെവച്ചാണ് മരണം സംഭവിച്ചത്. കൃത്യമായ ഇടവേളകളിലുള്ള പരിശോധനകളും മരുന്നും പോഷകാഹാരവും അത്യന്താപേക്ഷിതമായ രോഗാവസ്ഥയാണിത്. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി മേഖലയിൽ മരുന്നുകളുടെ ലഭ്യതക്കുറവുണ്ടെന്നും കഴിഞ്ഞ പത്ത് വർഷമായി ഇല്ലാതിരുന്ന ക്ഷാമമാണ് മരുന്നുകൾക്ക് നിലവിൽ സർക്കാർ ആശുപത്രികളിൽ അനുഭവപ്പെടുന്നതെന്നും ബന്ധുക്കൾ പറയുന്നു. അച്ഛൻ: രാധാകൃഷ്ണൻ. അമ്മ: രങ്കി. ഭാര്യ: ചെൽസി ആറുമാസം ഗർഭിണിയാണ്. മകൻ: ധ്രുവ് (3).









0 comments