ad
Deshabhimani

കൊലപാതകം 2 മാസം മുമ്പ്

അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ പങ്കാളി കൊലപ്പെടുത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 18, 2025, 02:00 AM | 1 min read

സ്വന്തം ലേഖകൻ

അഗളി

അട്ടപ്പാടി പുതൂർ ഉൾമേഖലയിലെ ഉന്നതി ആഞ്ചക്കക്കൊമ്പിൽ ആദിവാസി സ്ത്രീയെ പങ്കാളി കൊലപ്പെടുത്തി. രണ്ടുമാസം മുമ്പാണ് ഇലച്ചിവഴി സ്വദേശിനി വള്ളിയമ്മയെ (49) കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയായ പഴനിയപ്പൻ (43) പുതൂർ പൊലീസ് കസ്റ്റഡിയിലാണ്. രണ്ടുമാസമായി അമ്മയെ കാണാനില്ലെന്ന് കാണിച്ച് വള്ളിയുടെ മകൻ ഈശ്വരൻ (32) 13ന് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഭർത്താവ് മരിച്ചശേഷം വള്ളിയമ്മ പഴനിയപ്പനൊപ്പമാണ് ജീവിച്ചത്. ഇയാൾക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. രണ്ടാളും പുതൂർ ഇലച്ചിവഴി ഉന്നതി സ്വദേശികളാണെങ്കിലും ഉൾപ്രദേശമായ ആഞ്ചക്കക്കൊമ്പ് ഉന്നതിയിലായിരുന്നു താമസം. ജൂണിൽ ഒരു സ്ത്രീ നൽകിയ പീഡന പരാതിയിൽ പഴനിയപ്പൻ റിമാൻഡിലായിരുന്നു. ആഗസ്ത് എട്ടിന് വള്ളിയമ്മയും പഴനിയപ്പന്റെ സുഹൃത്തും ചേർന്ന് ജാമ്യത്തിലിറക്കി. ജാമ്യത്തിലിറക്കാൻ സഹായിച്ച സുഹൃത്തുമായി വള്ളിയമ്മയ്‌ക്ക് സൗഹൃദമെന്ന സംശയത്തിൽ വൈകാതെ മർദനം തുടങ്ങി. കുമ്പളങ്ങത്തോട്ടത്തിൽ വെള്ളം എത്തിക്കാൻ ഉൾവനത്തിൽ സ്ഥാപിച്ച കുഴലിലെ കേടുപാടുകൾ തീർക്കാൻ ആഗസ്ത് 17ന് ഇവർ പോയി. യാത്രയ്‌ക്കിടയിൽ സുഹൃത്തുമായുള്ള ബന്ധത്തെ ചൊല്ലി വീണ്ടും ഇയാൾ വള്ളിയമ്മയെ ക്രൂരമായി മർദിച്ചുവത്രേ. ഇതിനിടെ പാറക്കെട്ടിൽനിന്ന്‌ താഴെവീണ് മരിച്ചതോടെ അവിടെത്തന്നെ കുഴിച്ചിട്ടു. ശനിയാഴ്ച പൊലീസ് സർജന്റെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയശേഷമേ അറസ്റ്റ് ഉൾപ്പടെയുള്ള നടപടി സ്വീകരിക്കൂവെന്ന് പൊലീസ് പറഞ്ഞു. അഗളി ഡിവൈഎസ്‌പി ആർ അശോക്, പുതൂർ എസ്ഐ വി അബ്ദുൾ സലാം, ഷോളയൂർ സിഐ സനൽരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home