ആദിവാസി വിദ്യാർഥികൾക്ക് പഠനം നിഷേധിക്കാൻ
മെന്റർ അധ്യാപകരെ പിരിച്ചുവിട്ടത് ആർഎസ്‌എസ് അജൻഡ

പ്രത്യേക ലേഖകൻ
Published on Jun 06, 2026, 12:42 AM | 2 min read
പാലക്കാട്
മെന്റർ അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ആദിവാസി– ഗോത്ര വിഭാഗം വിദ്യാർഥികളെ സ്‌കൂളുകളിൽനിന്ന് അകറ്റാനുള്ള ആർഎസ്‌എസ് അജൻഡ നടപ്പാക്കുകയാണ് സംസ്ഥാന സർക്കാർ എന്ന ആരോപണം ഉയരുന്നു. ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാനും അവർക്ക് പഠന പിന്തുണ നൽകാനുമാണ് 2017 ൽ എൽഡിഎഫ് സർക്കാർ 297 ഗോത്ര വിഭാഗം മെന്റർ അധ്യാപകരെ നിയമിച്ചത്. ആദിവാസിക്കുട്ടികൾക്ക് പഠനഭാഷ അറിയാത്തതിനാൽ അവരുടെ ഭാഷയിൽ പഠിപ്പിക്കാനായിരുന്നു ഇത്. മാത്രമല്ല, അഭ്യസ്‌തവിദ്യരായ ആദിവാസി യുവജനങ്ങൾക്ക് തൊഴിൽ ഉറപ്പാക്കുകയും ലക്ഷ്യമായിരുന്നു. ടിടിസി കഴിഞ്ഞ ഇരുളർ, കുറുന്പ, മുഡുകർ വിഭാഗത്തിലുള്ളവരെ മാസം 21,000 രൂപ ശമ്പളത്തിലാണ് നിയമിച്ചത്. എ കെ ബാലൻ മന്ത്രിയായിരിക്കെ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അധ്യാപകരെ നിയമിച്ചതോടെ മുഴുവൻ ആദിവാസി കുട്ടികളും സ്‌കൂളിലെത്തി. മാത്രമല്ല, അവർക്ക് സ്‌കൂളിലെത്താൻ വാഹന സൗകര്യം ഒരുക്കുന്ന ഗോത്ര സാരഥി പദ്ധതിയും നടപ്പാക്കി. അട്ടപ്പാടി ഉൾപ്പെടെയുള്ള ആദിവാസി മേഖലകളിൽ ഇതിന്റെ ഗുണം ലഭിച്ചു. പ്ലസ് ടു പരീക്ഷയിൽ അട്ടപ്പാടി എംആർഎസിൽ മികച്ച വിജയവുമുണ്ടായി. ആദിവാസി കുട്ടികൾ സ്‌കൂളിൽ വരാതായാൽ അവർ ലഹിരിക്ക് അടിമപ്പെടും എന്ന് കണ്ടതോടെയാണ് വിദ്യാഭ്യാസം ഉറപ്പാക്കാൻ എൽഡിഎഫ് സർക്കാർ പദ്ധതി ആവിഷ്‌കരിച്ചത്. യുഡിഎഫ് ഭരണത്തിലേറി രണ്ടാഴ്‌ച തികയുന്നതിന് മുമ്പുതന്നെ ആദിവാസികൾക്കുമേൽ നിയന്ത്രണം കൊണ്ടുവന്നത് ആർഎസ്‌എസ് അജൻഡയുടെ ഭാഗമാണെന്നും മെന്റർ അധ്യാപകരെ പിരിച്ചുവിടാൻ ആർഎസ്‌എസ് നിർദേശിച്ചുവെന്നുമാണ് ആരോപണമുയർന്നത്. ആദിവാസികളോടുള്ള ആർഎസ്‌എസ് അവഗണനയുടെ ഭാഗമായാണ് പിരിച്ചുവിടൽ നിർദേശം. തിരുവനന്തപുരത്ത് അംബേദ്‌കർ സ്‌മാരക എംആർഎസിൽ വി മുരളീധരൻ എംഎൽഎ ആദിവാസി കുട്ടികൾക്ക് മിഠായി കൈയിൽ നൽകാതെ ഡെസ്‌കിൽ ഇട്ടുകൊടുത്ത സംഭവം വിവാദമായിരുന്നു. ആദിവാസികളോടുള്ള ബിജെപി നിലപാട് എങ്ങനെയെന്നത് ആ സംഭവം തെളിയിച്ചു. അതേ നിലപാടാണ് യുഡിഎഫ് സർക്കാരും തുടരുന്നത്. ചടങ്ങിൽ ഉണ്ടായിരുന്ന മന്ത്രി കെ എ തുളസി മുരളീധരന്റെ നടപടിയെ എതിർക്കാൻ പോലും ആ സമയത്ത് തയ്യാറായില്ല.
മെന്റർ ടീച്ചർമാരെ തിരിച്ചെടുക്കണം: എകെഎസ്
കോട്ടയം
സർക്കാർ പിരിച്ചുവിട്ട മുഴുവൻ മെന്റർ ടീച്ചർമാരെയും പുനർനിയമിക്കണമെന്ന് ആദിവാസി ക്ഷേമസമിതി (എകെഎസ്) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിൽ ഒമ്പത് വർഷമായി ജോലി ചെയ്യുന്ന 297 അധ്യാപകരെ മുന്നറിയിപ്പില്ലാതെയാണ് സർക്കാർ പിരിച്ചുവിട്ടത്. ആദിവാസി ഗോത്ര വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാകാതിരിക്കാൻ നിയമിച്ച, ആദിവാസി വിഭാഗത്തിൽപ്പെടുന്ന യോഗ്യരായ അധ്യാപകരായിരുന്നു മെന്റർ ടീച്ചർമാർ. ഇവരെ പിരിച്ചുവിട്ടത് ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളോടും അധ്യാപകരോടും ചെയ്‌ത കൊടിയ അനീതിയാണ്. മെന്റർ ടീച്ചർമാരെ പിരിച്ചുവിട്ടത് മൂലം ഗോത്ര വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ കൊഴിഞ്ഞുപോകാൻ സാധ്യതയുണ്ടെന്നും സംസ്ഥാന പ്രസിഡന്റ് പി വാസുദേവൻ, സെക്രട്ടറി പി കെ വിജയകുമാർ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.










0 comments