ഒരു കട്ടനെടുക്കട്ടേ


സായൂജ് ചന്ദ്രൻ
Published on Jun 14, 2026, 12:00 AM | 1 min read
പാലക്കാട്
"മഴ, ചായ, ജോൺസൺ മാഷ് ആഹാ..' മൺസൂണിൽ മണ്ണും മനസ്സും തണുത്തതോടെ സിനിമാ സംഭാഷണത്തിന്റെ മേമ്പൊടിയോടെ ആവി പറക്കുന്ന ചായക്കോപ്പകളാണ് ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് റീലുകളിൽ. മൂടിക്കെട്ടിയ ആകാശവും കിനിഞ്ഞിറങ്ങുന്ന മഴയും എൺപതുകളിലെ മലയാളം പാട്ടുകളും മനോഹര കാഴ്‌ച. പുത്തൻ തലമുറയും മഴത്തണുപ്പിൽ ചായയെ അകറ്റുന്നില്ല. ഇരുചക്രവാഹനങ്ങളിൽ മഴ ആസ്വദിച്ച് മടങ്ങുമ്പോൾ ചൂടുചായ പതിവാണ്. കട്ടൻ ചായയോടാണ് കടുകട്ടി സ്നേഹം. മഴക്കാലം മനോഹരമാക്കാൻ കട്ടനോളം കഴിവ് മറ്റൊന്നിനുമില്ലെന്ന് മഴയാത്രക്കാർ ഉറപ്പിക്കുന്നു. പുത്തൻ കാലത്ത് സാധാരണ സമോവർ കട്ടൻചായ മാത്രമല്ല, വൈവിധ്യങ്ങളുമുണ്ട്. പുതിന ഇലയുടെ രുചിയിൽ ലഭിക്കുന്ന "മിന്റ് കട്ടൻ', തുളസി ഇലയുടെ ഉൗഷ്‌മളതയോടെ "തുളസിക്കട്ടൻ', നാരങ്ങനീര് ചേർത്ത "ലെമൺ ടീ', ഇഞ്ചിയും ഏലയ്ക്കയും തിളപ്പിച്ച "ഇഞ്ചി ഏലക്ക കട്ടൻ', എരിവും മധുരവും പുളിയും ഒരുമിച്ചെത്തുന്ന "കാന്താരിക്കട്ടൻ', പഞ്ചസാരയെ പാടെ അകറ്റി ആരോഗ്യസംരക്ഷകരുടെ പ്രിയപ്പെട്ട "തേൻ കട്ടൻ' ഇങ്ങനെ നീളുന്നു കട്ടൻ വൈവിധ്യങ്ങൾ. പാൽച്ചായയിലും വ്യത്യസ്ഥതകളുണ്ട്. മൺപാത്രത്തിലെ "തന്തൂരി ചായ', കടുപ്പവും പ്രത്യേക സുഗന്ധവുമുള്ള "ദം ചായ', സുഗന്ധവ്യഞ്ജനങ്ങൾ നിറഞ്ഞ "മസാലച്ചായ' എന്നിവ താരങ്ങൾ. കടുത്ത വേനൽച്ചൂടിൽ ചായ ഉൾപ്പെടെ ചൂടുള്ള പാനീയങ്ങൾ അപ്രിയമായിരുന്നു. റോഡരികിലും കടകളിലും ശീതളപാനീയങ്ങളുടെ കച്ചവടം പൊടിപൊടിച്ചു. എന്നാൽ മഴ തുടങ്ങിയതോടെ തണുപ്പൻ പാനീയങ്ങൾക്ക് വിടനൽകി ചായ പ്രതിച്ഛായ തിരിച്ചുപിടിച്ചു.










0 comments