സംഘടനാ നേതാക്കളെ ദൂരസ്ഥലത്തേക്കും മാറ്റി
351 പൊലീസ് ഉദ്യോഗസ്ഥർക്ക് കൂട്ടസ്ഥലം മാറ്റം

പാലക്കാട്
രാഷ്‌ട്രീയവിരോധത്തിന്റെ പേരിൽ ജില്ലയിൽ പൊലീസ് സേനയിലെ 351 പേർക്ക് കൂട്ടസ്ഥലം മാറ്റം. സ്‌പെഷ്യൽ ബ്രാഞ്ചിലെ 20 പേർ ഉൾപ്പെടെയുള്ളവരെയാണ് ഓപ്‌ഷൻ നൽകിയ സ്‌റ്റേഷനുകളിൽ ഒഴിവുണ്ടായിട്ടും ദൂരസ്ഥലങ്ങളിലേക്ക് മാറ്റിയത്. പൊലീസ് അസോസിയേഷൻ, ഓഫീസേഴ്‌സ് അസോസിയേഷൻ സംഘടനകളിലെ ഭാരവാഹികളെ ജില്ലാ ആസ്ഥാനത്തുനിന്ന് മാറ്റി. കേരള പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരെയും സ്ഥാനാർഥികളെ നിർദേശിച്ചവരെയും പിന്തുണച്ചവരെയും സ്ഥലം മാറ്റി. കേരള പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ, ജില്ലാ ട്രഷറർ കെ ജയകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സന്തോഷ്, സാദിഖ് തുടങ്ങിയവരെല്ലാം സ്ഥലംമാറ്റ പട്ടികയിലുണ്ട്. പൊലീസ് സഹകരണ സംഘം പ്രസിഡന്റ് എം ശിവകുമാറിനെ 11 ദിവസം മുന്പാണ് പാലക്കാട് ട്രാഫിക്കിലേക്ക് മാറ്റിയത്. കഴിഞ്ഞദിവസം ഇയാളെ ദൂരത്തുള്ള നാട്ടുകൽ സ്റ്റേഷനിലേക്ക് വീണ്ടും മാറ്റി. ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സത്യനെ ചെർപ്പുളശേരിയിലേക്കും സംസ്ഥാന നിർവാഹകസമിതി അംഗം സി ആർ സുരേഷിനെ വടക്കഞ്ചേരിയിലേക്കും മാറ്റി. മുൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം, ജില്ലാ കമ്മിറ്റി അംഗങ്ങൾ എന്നിവരെയും ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. അർബുദരോഗിയായ വനിതാ പൊലീസ് ഉദ്യോഗസ്ഥയെയും ഒരു മാനദണ്ഡവും ഇല്ലാതെ സ്ഥലം മാറ്റി.
സ്‌റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിൽ നടപടി നേരിട്ടവർ
പാലക്കാട്
സ്‌റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിൽ 18 പേരെമാറ്റി കൈക്കൂലിക്കും പെരുമാറ്റ ദ്യൂഷ്യത്തിനും നടപടി നേരിട്ടവരെ നിയമിച്ചു. കൈക്കൂലി കേസിൽ അച്ചടക്ക നടപടിക്ക് വിധേയമായവർ, ഡ്യൂട്ടിക്കിടെ മദ്യപിച്ച് സസ്‌പെൻഷനിലായവർ എന്നിവരെയൊക്കെയാണ് നിയമിച്ചത്. ഇന്റലിജൻസ് വിഭാഗത്തിലേക്ക് ഉദ്യോഗസ്ഥരുടെ സത്യസന്ധതയും പ്രൊഫഷണലിസവും വൈദഗ്ധ്യവും തിരിച്ചറിഞ്ഞ് നിയമിക്കണമെന്ന നോർത്ത് സോൺ ഇൻസ്പെക്ടർ ജനറലിന്റെ ഉത്തരവ് മാനിക്കാതെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നടപടി.
2 മണിക്കൂറിനകം രണ്ട് സ്ഥലം മാറ്റം
പാലക്കാട്
സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് ചിറ്റൂരിലേക്ക് മാറ്റിയ റൈറ്ററെ വീണ്ടും രണ്ട് മണിക്കൂറിനകം 100 കിലോമീറ്റർ അകലെ തൃത്താലയിലേക്ക് മാറ്റി . അർബുദ രോഗിയായ അമ്മ, 86 വയസുള്ള അച്ഛൻ, ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യ എന്നിവയൊന്നും പരിഗണിക്കാതെയാണ് നടപടി. ഒരു സംഘടനയുമായി ബന്ധമില്ലാത്ത ഇൗ ഉദ്യോഗസ്ഥനെ വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് മാറ്റിതെന്നും പറയപ്പെടുന്നു. പൊലീസിലെ ഭരണകക്ഷി അനുകൂലികളും ചില കോൺഗ്രസ് നേതാക്കളുമാണ് സ്ഥലം മാറ്റത്തിനുപിന്നിൽ.











0 comments