ഇരുട്ടിൽത്തപ്പി പൊലീസ്
പനയൂരിൽ 3 പേരെ കാണാതായിട്ട് ഒരാഴ്ച

ഒറ്റപ്പാലം
വാണിയംകുളം പനയൂരിൽനിന്ന് ഏഴുദിവസംമുമ്പ് കാണാതായ ഒരു കുടുംബത്തിലെ മൂന്നുപേരെ കണ്ടെത്താനാകാതെ പൊലീസ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെ കാണാതായത്. ഇവര്‍ അവസാനമായി സഞ്ചരിച്ച വാഹനം തിങ്കളാഴ്ച മലപ്പുറം വഴിക്കടവ് ചുരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കർണാടകത്തിലേക്ക് പ്രവേശിക്കുമ്പോൾ വാഹനത്തിൽ മൂന്നുപേർ ഉണ്ടായിരുന്നു. വിഷ്ണു പിന്നീട് വാഹനം തനിച്ചോടിച്ചെത്തി ഉപേക്ഷിച്ചതാണെന്ന് അന്വേഷകസംഘം കണ്ടെത്തിയിട്ടുണ്ട്. വാഹനം ഉപേക്ഷിച്ചശേഷം ഇയാൾ എങ്ങോട്ട് പോയെന്നും അച്ഛനും അമ്മയും എവിടെയെന്നും പൊലീസ് അന്വേഷിക്കുന്നു. ബന്ധുക്കളുടെ പരാതിയിൽ മൈസൂരുവിലെ സിസിടിവി കാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. ഇൻസ്‌പെക്ടർ പി വിഷ്ണുവാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. കുടുംബം വീട്ടിൽനിന്ന് വ്യാഴാഴ്ച പുലർച്ചെ പിക്കപ്പ് വാഹനത്തിൽ പോകുന്ന ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു. മൂവരുടെയും മൊബൈൽ ഫോണുകൾ ഇപ്പോഴും സ്വിച്ച് ഓഫാണ്. ഫോണുകളുടെ അവസാന ടവർ ലൊക്കേഷൻ വീടിന് സമീപത്താണ് ലഭിച്ചത്. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോകുകയാണെന്നും ക്ഷേത്രദർശനത്തിന് പോകുകയാണെന്നും ആശുപത്രിയിൽ പോകുകയാണെന്നും ഉൾപ്പെടെ വിവിധ കാരണങ്ങളാണ് ഇവര്‍ നാട്ടുകാരോട് പറഞ്ഞത്. കർണാടകയിൽ ഒരുമിച്ചുകഴിഞ്ഞതായി അന്വേഷക സംഘം എടക്കര കുടുംബം കർണാടക മൈസൂരു ചാമരാജ് നഗറിൽ ഒരുമിച്ചുകഴിഞ്ഞതായി അന്വേഷക സംഘം. കുടുംബം ഉപേക്ഷിച്ച വാഹനം അന്വേഷകസംഘം വഴിക്കടവിൽനിന്ന് കണ്ടെത്തിയിരുന്നു. പിന്നാലെ അന്വേഷക സംഘം വഴിക്കടവ്, ഗൂഡല്ലൂർ, ഗുണ്ടൽപേട്ട്, ബംഗളൂരു, രാംരാജ് നഗർ എന്നിവിടങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മൂവരും ഒരുമിച്ചുള്ള ദൃശ്യങ്ങൾ ലഭിച്ചത്. അന്വേഷക സംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ഇവർ സഞ്ചരിച്ച പിക്കപ്പ് വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നാണ് സംശയം. സ്വന്തമായി ബിസിനസ് നടത്തിയിരുന്ന കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു. ഇതാണ് ഒളിവിൽ പോകാനുള്ള കാരണമായി കരുതുന്നത്.









0 comments