അണക്കെട്ടുകളിൽ വെള്ളം കുറയുന്നു

പാലക്കാട്
വേനൽ കടുത്തതോടെ ജില്ലയിലെ അണക്കെട്ടുകളിൽ വെള്ളം താഴുന്നു. റിസർവോയർ ഭാഗങ്ങളിൽ നിലംകണ്ടു. സംഭരണശേഷിയുടെ പകുതിയിലും താഴെയാണ് വെള്ളം. ശിരുവാണി–49 ശതമാനം, കാഞ്ഞിരപ്പുഴ – 48, മീങ്കര – 23, വാളയാർ – 27, മലമ്പുഴ – 20, പോത്തുണ്ടി – 22, ചുള്ളിയാർ – 16, മംഗലം – ഏഴു ശതമാനം എന്നിങ്ങനെയാണ് വെള്ളത്തിന്റെ അളവ്. മഴക്കാലത്ത് ഇവിടങ്ങളിൽ ഉയർന്ന അളവിൽ വെള്ളമുണ്ടായിരുന്നു. വേനൽമഴ ലഭിച്ചില്ലെങ്കിൽ വെള്ളം ഇനിയും താഴ്‌ന്നേക്കും. എന്നാൽ വൈദ്യുതി ഉൽപ്പാദനത്തിനെയും കാർഷികാവശ്യങ്ങളെയും ബാധിച്ചേക്കില്ല. വനത്തിനുള്ളിൽ നീരുറവകൾ നിലച്ചതോടെ വന്യമൃഗങ്ങൾ വെള്ളത്തിനായി റിസർവോയർ ഭാഗത്തേക്ക് ഇറങ്ങുന്നത് പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം മലമ്പുഴ കവയിൽ രാത്രി ആനക്കൂട്ടം ഇറങ്ങിയിരുന്നു. അതേ സമയം ജില്ലയിൽ ചൂട് മാറ്റമില്ലാതെ തുടരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ചില പ്രദേശങ്ങളിൽ 39 ഡിഗ്രിവരെ ചൂട് ഉയർന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ 38 ഡിഗ്രിയും ചൂടുണ്ടായി. വരും ദിവസങ്ങളിലും ചൂട് ഇതേനിലയിൽ തുടരാനാണ് സാധ്യത. സൂര്യാതപം ഏൽക്കാതിരിക്കാൻ പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്.









0 comments