വർഗീയതയെ ചെറുത്താലേ നാടിന് പുരോഗതിയുള്ളൂ: കെ ടി ജലീൽ

കൂറ്റനാട്
ബിജെപി ഹിന്ദു വർഗീയതയുടെയും മുസ്ലിംലീഗ് മുസ്ലിം വർഗീയതയുടെയും വക്താക്കളാണെന്ന് ഡോ. കെ ടി ജലീൽ പറഞ്ഞു. രണ്ടു വർഗീയതയെയും ചെറുത്തുതോൽപ്പിക്കാതെ മതേതര കേരളത്തിന് ഒരിഞ്ച് മുന്നോട്ടുപോകാൻ കഴിയില്ല. മൂന്നാംതവണയും കേരളത്തിൽ എൽഡിഎഫ് അധികാരത്തിൽ വന്നാൽ തങ്ങൾ അപ്രസക്തമാകും എന്ന തിരിച്ചറിവിലാണ് ലീഗ് എൽഡിഎഫിനെതിരെ ചരിത്രത്തിലില്ലാത്തവിധം വർഗീയത പ്രചരിപ്പിച്ചത്. ബിജെപിയേക്കാൾ എതിർക്കപ്പെടേണ്ടത് സിപിഐ എമ്മാണ് എന്ന ചിന്തയിലേക്ക് ലീഗിനെ നയിച്ചതും ആ വികാരമാണ്. ലീഗുകാർ രണ്ട് ഷർട്ട് തുന്നിവച്ചിരിക്കുകയാണ്. അവർ പ്രതിപക്ഷത്തിരിക്കുമ്പോൾ വർഗീയവാദിയുടെ ഷർട്ടും ഭരണപക്ഷത്തായാൽ മതേതരവാദിയുടെ ഷർട്ടും മാറിമാറി അണിയുകയാണെന്നും കെ ടി ജലീൽ പറഞ്ഞു. വാവനൂരിൽ 10നും 11നും നടക്കുന്ന കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ സെമിനാർ പടിഞ്ഞാറങ്ങാടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ പി ദിവാകരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം ആർ മുരളി, സിഐടിയു ജില്ലാ പ്രസിഡന്റ് പി എൻ മോഹനൻ, സിപിഐ എം ഏരിയ സെക്രട്ടറി ടി പി മുഹമ്മദ്, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആർ കുഞ്ഞുണ്ണി, കർഷക സംഘം ജില്ലാ നിർവാഹക സമിതിയംഗം എ കൃഷ്ണകുമാർ, ഏരിയ സെക്രട്ടറി പി കെ ബാലചന്ദ്രൻ, പ്രസിഡന്റ് കെ എ ഷംസു, എ രാവുണ്ണിക്കുട്ടി എന്നിവർ സംസാരിച്ചു.
കാളപൂട്ട് ഇന്ന്
കൂറ്റനാട്
കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വ്യാഴാഴ്‌ച കാളപൂട്ടും കന്ന് ഊർച്ചയും പ്രദർശനം നടത്തും. രാവിലെ എട്ടുമുതൽ കപ്പൂർ കെപിഎം ബ്രദേഴ്സിന്റെ കണ്ടത്തിലാണ് പരിപാടി. നാടൻപാട്ട്, പഴയ കാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനം എന്നിവയുമുണ്ടാവും. 10നും 11നും വാവന്നൂരിലാണ് ജില്ലാ സമ്മേളനം.










0 comments