‘റിയൽ ചലഞ്ച്’ ബയോമൈനിങ്

കൂട്ടുപാതയിലെ ട്രഞ്ചിങ് ഗ്രൗണ്ട് പഴയ കാഴ്ചയും ബയോ മൈനിങ് ആരംഭിച്ചശേഷമുള്ള കാഴ്ചയും
നിധിൻ ഈപ്പൻ
Published on Apr 06, 2025, 11:34 PM | 1 min read
പാലക്കാട്
സംസ്ഥാന സർക്കാർ സാമ്പത്തിക സഹായത്തിൽ കൂട്ടുപാത ഡമ്പ് സൈറ്റിലെ ബയോമൈനിങ് സംസ്ഥാനത്തിന് മാതൃകയാണ്. നവംബറിൽ ആരംഭിച്ച പദ്ധതിയിൽ 54,421 ടൺ മാലിന്യം സംസ്കരിച്ചു. സാനിറ്ററി അവശിഷ്ടങ്ങളുടെ സംസ്കരണത്തിന് ദിവസേന ഒരു ടൺ ശേഷിയുള്ള പ്രത്യേക പ്ലാന്റും പ്രവർത്തിക്കുന്നു. ദിവസേന 282 ടൺ മാലിന്യം ഇവിടെ സംസ്കരിക്കും. ട്രഞ്ചിങ് ഗ്രൗണ്ടിൽ കാലങ്ങളായി അടിഞ്ഞുകൂടിയ മാലിന്യം മെയ് 31നകം നിർമാർജനം ചെയ്യാനാണ് ശ്രമം. നാഗ്പുർ ആസ്ഥാനമായ എസ്‌എംഎസ് കമ്പനിക്കാണ് നടത്തിപ്പ് ചുമതല. മാലിന്യത്തെ നാലായി തരംതിരിക്കുകയാണ് ആദ്യ പ്രക്രിയ. സംസ്കരിക്കാൻ സാധ്യമല്ലാത്ത ഖരവസ്തുക്കൾ (ടയർ, കല്ലുകൾ) എന്നിവ ആദ്യഘട്ടത്തിൽ നീക്കും. പ്ലാസ്റ്റിക് വസ്തുക്കൾ. ശേഷം പ്ലാസ്റ്റിക്കും മണ്ണും കലർന്ന ‘ഇനേർട്ട്', ഒടുവിൽ മണ്ണ് എന്നിങ്ങനെ തരംതിരിക്കും. പ്ലാസ്റ്റിക് വസ്തുക്കളെ ഇന്ധനമായി ഉപയോഗിക്കാൻ സിമന്റ് കമ്പനികൾക്ക് വിൽക്കും. മാർച്ച് 30 വരെ 21,539 ടൺ പ്ലാസ്റ്റിക് വേർതിരിച്ച് സിമന്റ് കമ്പനികൾക്ക് നൽകി. 12,315 ടൺ പ്ലാസ്റ്റിക് കലർന്ന മണ്ണും 20,560 ടൺ പ്രകൃതിദത്ത മണ്ണും വീണ്ടെടുത്തു.









0 comments