ad
Deshabhimani

വീണ്ടും മഴ കുറഞ്ഞു

കനത്ത ചൂടിൽ പന്തൽ ജോലിയിൽ ഏർപ്പെട്ട തൊഴിലാളി വെള്ളം കുടിക്കുന്നു. പാലക്കാട് കോട്ടമൈതാനത്തുനിന്നുള്ള ദൃശ്യം
വെബ് ഡെസ്ക്

Published on Jul 16, 2026, 02:00 AM | 1 min read

പാലക്കാട്‌

ജില്ലയിൽ വീണ്ടും പ്രതീക്ഷ തെറ്റിച്ച്‌ മൺസൂൺ. ജൂലൈയിൽ രണ്ടാഴ്‌ച പിന്നിട്ടിട്ടും വേണ്ടത്ര മഴയില്ല. ഒന്നുമുതൽ 15 വരെ 32 ശതമാനം കുറവ്‌ മഴയാണ്‌ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം രേഖപ്പെടുത്തിയിരിക്കുന്നത്‌. ഇ‍ൗ കാലയളവിൽ 724.6 മില്ലിമീറ്റർ മഴയാണ്‌ ലഭിക്കേണ്ടത്‌. എന്നാൽ, ഇതുവരെ 495.8 മില്ലിമീറ്ററാണ്‌ ലഭിച്ചത്‌. മഴ കുറവുള്ള "ഡെഫിഷ്യന്റ്‌' വിഭാഗത്തിലാണ്‌ ജില്ലയെ ഉൾപ്പെടുത്തിയിരിക്കുന്നത്‌. സംസ്ഥാനത്ത്‌ കോട്ടയം, തിരുവനന്തപുരം ഒഴികെ ബാക്കി ജില്ലകളെല്ലാം ഇതേ വിഭാഗത്തിലാണ്‌. ജൂൺ ആദ്യവാരത്തിൽ ജില്ലയിൽ മഴക്കുറവ്‌ രേഖപ്പെടുത്തിയിരുന്നു. അഞ്ച്‌ ദിവസത്തിൽ 552.1 മില്ലിമീറ്ററിന്‌ പകരം 372.3 മില്ലിമീറ്റർ മഴ മാത്രമാണ്‌ ലഭിച്ചത്‌. പിന്നീട്‌ വിവിധയിടങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ചു. ഒറ്റ ദിവസം പട്ടാമ്പിയിൽ 104.2 മില്ലിമീറ്ററോളം മഴയുണ്ടായി. മലമ്പുഴ–1 വില്ലേജിൽ അയ്യപ്പൻപൊറ്റ സാംസ്കാരിക നിലയത്തിൽ ദുരിതാശ്വാസ ക്യാമ്പ്‌ തുറന്നു. മഴ സജീവമായതോടെ അണക്കെട്ടുകളിൽ വെള്ളവുമെത്തി. ജില്ലയിലെ പ്രധാന അണക്കെട്ടുകളായ മലമ്പുഴ, പോത്തുണ്ടി, ശിരുവാണി, കാഞ്ഞിരപ്പുഴ എന്നിവിടങ്ങളിലെല്ലാം ഒരു മീറ്ററോളം ജലനിരപ്പ്‌ ഉയർന്നു. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ മഴ കുറഞ്ഞു. ജൂണിന്‌ സമാനമായി. 354.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ 237.9 മില്ലിമീറ്ററാണ്‌ ലഭിച്ചത്‌. ആദ്യ ആഴ്‌ചയിൽ മഴ തുടർച്ചയായി പെയ്തെങ്കിലും പിന്നീട്‌ കുറഞ്ഞു. ഇടവിട്ടുള്ള മഴയുണ്ടായെങ്കിലും ആവശ്യത്തിനുള്ള മഴ ലഭിച്ചില്ലെന്നാണ്‌ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ട്‌. വേനലിൽ സംസ്ഥാനത്ത്‌ ഏറ്റവും കുറവ്‌ വേനൽമഴ ലഭിച്ചത്‌ ജില്ലയിലാണ്‌. കഴിഞ്ഞ വേനലിനെ അപേക്ഷിച്ച്‌ 38 ശതമാനം കുറവ്‌ മഴയാണ്‌ റിപ്പോർട്ട്‌ ചെയ്തത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home