ഒഴിവായത് വൻ ദുരന്തം
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തിനശിച്ചു

കൊണ്ടോട്ടി
പാലക്കാട്– കോഴിക്കോട് ദേശീയപാതയിൽ കൊണ്ടോട്ടിക്കടുത്ത് തുറക്കലിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ബസ് പൂർണമായും കത്തിനശിച്ചു. യാത്രക്കാരെ പെട്ടെന്ന് ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ഞായർ രാവിലെ 8.45ഓടെയാണ് സംഭവം. പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ഓടുന്നതിനിടെ ബസിന് മിസിങ് വന്നു. ഉടൻ മുൻഭാഗത്തുനിന്ന് പുകയും ഉയർന്നു. ഉടൻ ഡ്രൈവർ ബസ് റോഡിന്റെ വശത്തേക്ക് ചേർത്തുനിർത്തി. എന്നാൽ ഹൈഡ്രോളിക് ഡോർ തകരാറിലായതോടെ തുറക്കാനായില്ല. ബസിന്റെ ജനൽചില്ലുകൾ പൊട്ടിച്ചാണ് യാത്രക്കാരെ പുറത്തിറക്കിയത്. ഹൈഡ്രോളിക് ഡോർ കല്ലുപയോഗിച്ച് തകർത്തും യാത്രക്കാരെ രക്ഷപ്പെടുത്തി. പിന്നാലെ തീ ആളിപ്പടർന്നു. പ്രദേശവാസികളും നാട്ടുകാരും തീയണക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. യാത്രക്കാരുടെ ബാഗേജുകൾ നശിച്ചു. മലപ്പുറത്തുനിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റെത്തിയാണ് തീ അണച്ചത്. കൊണ്ടോട്ടി പൊലീസും സ്ഥലത്തെത്തി. അപകടമുണ്ടായ ഉടൻ നാട്ടുകാരും പൊലീസും ദേശീയപാതയിൽ ഗതാഗതം തടഞ്ഞു. മണിക്കൂറുകൾക്കുശേഷമാണ് പുനഃസ്ഥാപിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ആർടിഒ, ഫോറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.











0 comments