ചിറ്റൂരിന്റെ മണ്ണിൽ നൂറുമേനി മധുരം

ചിറ്റൂരിന്റെ മണ്ണിൽ വിളഞ്ഞ തണ്ണിമത്തൻ വിളവെടുപ്പ് കെഎസ്‍ഇബി സ്വതന്ത്ര ഡയറക്ടർ അഡ്വ. വി മുരുകദാസ് ഉദ്ഘാടനം ചെയ്യുന്നു
ചിറ്റൂർ
ആധുനികകാലത്തെ ജോലിയും അതിന്റെ സൗകര്യങ്ങളും മാറ്റിവച്ച് മണ്ണിലിറങ്ങിയ യുവാക്കൾ ചിറ്റൂരിന്റെ കാർഷിക ഭൂപടത്തിൽ പുതിയ ചരിത്രമെഴുതുന്നു. ആലപ്പുഴ സ്വദേശികളായ സാബു, പ്രജിത്, പ്രവീൺ, ജയേഷ്, വിനോദ്, മനോജ് എന്നിവരാണ് പെരുമാട്ടി പഞ്ചായത്തിലെ വിളയോടിയിൽ പാട്ടത്തിനെടുത്ത നാലേക്കർ ഭൂമിയിൽ നടത്തിയ തണ്ണിമത്തൻ കൃഷിയാണ് വിളവെടുത്തത്. വിദേശത്ത് എൻജിനിയറടക്കം ഉയര്‍ന്ന ശമ്പളമുള്ള ജോലിയിൽനിന്ന് ഇടവേളയെടുത്താണ് ഇവര്‍ ചിറ്റൂരിലെത്തിയത്. ആലപ്പുഴയിലെ ഭൂപ്രകൃതിയിൽനിന്ന് വ്യത്യസ്തമായി തണ്ണിമത്തൻ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയും മണ്ണും തേടിയുള്ള യാത്രയാണ് ഇവരെ ചിറ്റൂരിലെത്തിച്ചത്. കെഎസ്‍ഇബി സ്വതന്ത്ര ഡയറക്ടർ അഡ്വ. വി മുരുകദാസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. മണ്ണിലെ ഈർപ്പം നിലനിർത്താനും കളകൾ നിയന്ത്രിക്കാനും മൾച്ചിങ് ഷീറ്റുകൾ ഉപയോഗിച്ചു. കുറഞ്ഞ അളവിൽ വെള്ളവും വളവും നേരിട്ട് വേരുകളിലെത്തിക്കുന്ന തുള്ളിനന വഴി ജലക്ഷാമത്തെ മറികടക്കാനായി. ശാസ്ത്രീയമായ കീടനിയന്ത്രണ മാർഗങ്ങൾ അവലംബിച്ചതിനാൽ മികച്ച ഗുണനിലവാരമുള്ള ഫലങ്ങൾ ലഭിച്ചു. ടൺകണക്കിന് തണ്ണിമത്തനാണ് വിപണിയിലേക്ക് എത്തുന്നത്. നല്ല തൂക്കവും മധുരവുമുള്ള ഷുഗർ ക്വീൻ (കിരൺ) ഇനം തണ്ണിമത്തനുകൾക്ക് വിപണിയിൽ വലിയ ഡിമാൻഡാണുള്ളത്. വിളയോടിയിലെ തോട്ടത്തിൽ നിരവധി പേർ വാങ്ങാനെത്തുന്നുണ്ട്. ചൂടുള്ള കാലാവസ്ഥയും നീർവാർച്ചയുള്ള മണ്ണും തണ്ണിമത്തന് ഏറെ അനുയോജ്യമാണ്. കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനാണ് ഇവരുടെ തീരുമാനം.










0 comments