ഇനിയും കിട്ടിയില്ല പാഠപുസ്തകം

സ്വന്തം ലേഖകൻ
പാലക്കാട്
അധ്യയനം ആരംഭിച്ച് ഒരുമാസം കഴിഞ്ഞിട്ടും മുഴുവൻ കുട്ടികൾക്കും പാഠപുസ്തകങ്ങൾ കിട്ടിയില്ല. ഇതുവരെ 31,72,023 പുസ്തകങ്ങൾ മാത്രമാണ് ഷൊർണൂരിലെ ജില്ലാ ഹബ്ബിലെത്തിയത്. ജില്ലയിൽ ആകെ 32,55,732 പുസ്തകങ്ങളാണ് ആവശ്യപ്പെട്ടത്. 2.6 ശതമാനം പുസ്കങ്ങളാണ് ഇനിയും കിട്ടാനുള്ളത്. കലാ, കായിക വിഷയങ്ങൾക്കുള്ള പാഠപുസ്കങ്ങളാണ് ഇനി ജില്ലയിലെത്താനുള്ളത്. ഹബ്ബിൽനിന്ന് നിലവിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്ക്–27,61,195, അൺഎയ്ഡഡ് സ്കൂളുകളിലേക്ക്–2,49,696 എന്നിങ്ങനെ 30,10,891 പുസ്തകങ്ങൾ വിതരണം ചെയ്‌തു. എറണാകുളത്തെ കെപിബിഎസിൽ അച്ചടി വൈകുന്നതാണ് പുസ്തക വിതരണത്തിന്റെ വേഗം കുറച്ചത്. പുസ്‌തകങ്ങളുടെ കട്ടിയുള്ള പുറംചട്ട എത്തിക്കുന്നത് തമിഴ്‌നാട്ടിൽനിന്നാണ്. ടെൻഡർ നടപടികളുടെ അവസാനഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നത്. മുൻ സംസ്ഥാന സർക്കാർ അതുവരെയുള്ള അച്ചടികൾ കൃത്യമായി പൂർത്തിയാക്കി. പിന്നീട് വരുന്ന സർക്കാരാണ് തുടർ നടപടി പൂർത്തിയാക്കേണ്ടത്. എന്നാൽ, യുഡിഎഫ് സർക്കാർ നടപടിക്രമങ്ങൾ സാവധാനമാക്കിയതാണ് ബാക്കിയുള്ള പുസ്തകങ്ങളുടെ അച്ചടിയെ ബാധിച്ചത്. സ്കൂളുകൾ തുറന്ന് ഒരാഴ്‌ചയായപ്പോൾ 4.65 ലക്ഷം പുസ്‌തകങ്ങൾ എത്താനുണ്ടായിരുന്നു. പിന്നെയും ദിവസങ്ങളെടുത്താണ് ബാക്കി പുസ്തകം ജില്ലയിലെത്തിയത്. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്തും ഇത്തരത്തിൽ പാഠപുസ്തക വിതരണം മുടങ്ങിയിട്ടുണ്ട്. പാഠഭാഗങ്ങൾ ഫോട്ടോ കോപ്പിയെടുത്താണ് കുട്ടികൾ സ്കൂളുകളിൽ എത്തിയിരുന്നത്. എൽഡിഎഫ് സർക്കാർ ഭരണത്തിൽ വന്നതോടെയാണ് സ്ഥിതിക്ക് മാറ്റമുണ്ടായത്. കഴിഞ്ഞ അഞ്ചുവർഷം പുസ്തകങ്ങൾ സ്കൂൾ തുറക്കുംമുമ്പ് വിതരണം ചെയ്തിരുന്നു.











0 comments