വൈദ്യുതി നിയന്ത്രണം: ഒരു മണിക്കൂർ മുമ്പ് അറിയിക്കണമെന്ന് കെഎസ്‌ഇബിയോട് റെഗുലേറ്ററി കമീഷൻ

തിരുവനന്തപുരം : വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ചുരുങ്ങിയത് ഒരു മണിക്കൂർ മുമ്പെങ്കിലും ഉപയോക്താക്കൾക്ക് അറിയിപ്പ് നൽകണമെന്ന് കെഎസ്‌ഇബിയോട് റെഗുലേറ്ററി കമീഷൻ. എസ്‌എംഎസ്, അച്ചടി– ദൃശ്യ മാധ്യമങ്ങൾ, സമൂഹമാധ്യമങ്ങൾ തുടങ്ങി സാധ്യമായ മാർഗങ്ങളിലെല്ലാം അറിയിപ്പ് നൽകണം. വൈദ്യുതി വിതരണ ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കുന്നതിന്, ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ നിശ്ചിത സമയത്തേക്ക് ലോഡ്‌ഷെഡ്‌ഡിങ് ഏർപ്പെടുത്താമെന്നും കമീഷൻ അറിയിച്ചു. അപ്രതീക്ഷിതമായും ദീർഘമായും ലോഡ്‌ഷെഡ്ഡിങ് ഏർപ്പെടുത്തിയ കെഎസ്‌ഇബി നടപടിയിൽ വ്യാപക വിമർശം ഉയർന്ന പശ്ചാത്തലത്തിലാണ് കമീഷന്റെ നിർദേശം.
മഴ ലഭിച്ചതോടെ തിങ്കളാഴ്ച വൈദ്യുതി ഉപയോഗത്തിൽ 300 മെഗാവാട്ട് മുതൽ 500 മെഗാവാട്ട് വരെ കുറവുണ്ടായെന്ന് കെഎസ്‌ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽനിന്ന് ആവശ്യമായ വൈദ്യുതി ലഭിച്ചതിനാൽ തിങ്കളാഴ്ച വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനായെന്നും അറിയിച്ചു.











0 comments