പ്രസിഡന്റ് പദവിയിലിരുന്ന് ക്രിപ്റ്റോ ബിസിനസും റിയൽ എസ്റ്റേറ്റും, ട്രംപിന്റെ വരുമാനത്തിൽ റെക്കോര്‍ഡ് വളര്‍ച്ച

വാഷിങ്ടൺ: യു എസ് പ്രസിഡന്റ് ട്രംപിന് ക്രിപ്റ്റോ ബിസിനസുകളിൽ നിന്ന് 1.2 ബില്യൺ യുഎസ് ഡോളർ വരുമാനം ലഭിച്ചതായി റിപ്പോര്‍ടുകൾ. തന്റെ തന്നെ റിയൽ എസ്റ്റേറ്റ് സാമ്രാജ്യത്തെയും മറികടന്ന വളർച്ചയാണ് പ്രസിഡന്റ് പദവിയിലിരിക്കെ കൈവരിച്ചത്. ഈ ഇടപാടുകളിൽ അധികവും അമേരിക്കയുമായി നികുതി സൈനിക സഹായ ചര്‍ച്ചകളിൽ ഏര്‍പ്പെട്ടിരുന്ന രാജ്യങ്ങളാണ് കക്ഷികളായി മാറിയത്.
അധികാരമേൽക്കുന്ന സമയത്ത് വെറും സ്റ്റാർട്ടപ്പുകൾ മാത്രമായിരുന്ന ക്രിപ്റ്റോ ബിസിനസുകളാണ് പെട്ടെന്ന് വളര്‍ന്ന് ഈ നിലയിലെത്തിയത്. കഴിഞ്ഞ വർഷം മാത്രം ക്രിപ്റ്റോ ബിസിനസ് വഴി ഏകദേശം 120 കോടി ഡോളർ നേടിയതായി തിങ്കളാഴ്ച പുറത്തുവിട്ട ഫെഡറൽ രേഖകളിലെ കണക്കുകൾ പറയുന്നു. പതിറ്റാണ്ടുകളായി ട്രംപ് കെട്ടിപ്പടുത്ത വിപുലമായ റിയൽ എസ്റ്റേറ്റ് ബിസിനസുകളിൽ നിന്നുള്ള വരുമാനത്തെപ്പോലും ഈ ക്രിപ്റ്റോ സംരംഭങ്ങൾ മറികടന്നിരിക്കുകയാണ്.
രണ്ട് ശതകോടീശ്വരന്മാരായ നിക്ഷേപകരുടെ പിന്തുണയും ക്രിപ്റ്റോ മേഖലയ്‌ക്കെതിരെയുള്ള ഫെഡറൽ നടപടികൾ അടിച്ചമർത്താനുള്ള ട്രംപിന്റെ തന്ത്രപരമായ നീക്കങ്ങളുമാണ് ഈ മേഖലയിലെ ബിസിനസുകളുടെ പെട്ടെന്നുള്ള വളർച്ചയ്ക്ക് കാരണമായത്.
'വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ' എന്ന ബിസിനസിലൂടെ 'ഗവേണൻസ് ടോക്കണുകൾ' ഉൾപ്പെടെയുള്ള പുതിയ ക്രിപ്റ്റോ ഉൽപ്പന്നങ്ങൾ വിറ്റഴിച്ച വകയിൽ ട്രംപിന് 500 മില്യൺ യുഎസ് ഡോളറിലധികം ലഭിച്ചു. ഇതുകൂടാതെ, അദ്ദേഹത്തിന്റെ മുഖം പതിച്ച സോവനീർ രൂപത്തിലുള്ള 'മീം' കോയിനുകളുടെ വിൽപ്പനയിലൂടെ 'സിഐസി ഡിജിറ്റൽ എൽഎൽസി' എന്ന മറ്റൊരു ക്രിപ്റ്റോ സ്ഥാപനം 600 മില്യൺ യുഎസ് ഡോളറിലധികം നേടിയതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം തന്നെ വിൽപ്പനയ്ക്ക് ശേഷം ഈ ടോക്കണുകളുടെയും കോയിനുകളുടെയും മൂല്യത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളതായും വാര്‍ത്തകൾ പറയുന്നു. ട്രംപിന്റെ കമ്പനികൾ കൈവിട്ടപ്പോൾ വില നിലം പതിച്ചു.
ട്രംപിന്റെ കുടുംബ ബിസിനസിന്റെ പ്രധാന തൂണായ പരമ്പരാഗത റിയൽ എസ്റ്റേറ്റ് മേഖല കഴിഞ്ഞ വർഷം വിദേശ രാജ്യങ്ങളുമായുള്ള ലൈസൻസിംഗ് കരാറുകളിലൂടെ എക്കാലത്തെയും വലിയ വളർച്ച കൈവരിച്ചിരുന്നു. അതിനെയെല്ലാം കുത്തനെ മറികടന്നാണ് ക്രിപ്റ്റോ ബിസിനസിൽ ഇത്രയും വലിയ മുന്നേറ്റം നടത്തിയത്.
ട്രംപിന്റെ റിയൽ എസ്റ്റേറ്റ് ബിസിനസ്സ് വിപുലീകരിക്കാൻ കരാറുകളിൽ ഏർപ്പെട്ട പല വിദേശ രാജ്യങ്ങളും അമേരിക്കയുമായി വിധേയത്വത്തിലായിരുന്നു. ഇറക്കുമതി നികുതി സൈനിക സഹായം എന്നിവയുൾപ്പെടെയുള്ള നിർണായക കാര്യങ്ങളിൽ അമേരിക്കയുമായി ചർച്ചകളിൽ ഏര്‍പ്പെട്ടിരുന്ന രാജ്യങ്ങളാണ്. പ്രസിഡന്റിന്റെ റിയൽ എസ്റ്റേറ്റ് വലയത്തിനകത്ത് ഈ സ്ഥാപനങ്ങൾ പെട്ടെന്ന് എത്തിക്കപ്പെട്ടതായും റിപ്പോര്‍ടുകൾ പറയുന്നു.











0 comments