വൈകിയെന്നത് തെറ്റായ പ്രചാരണം
കൈകളിലെത്തി 21.25 ലക്ഷം പാഠപുസ്‌തകങ്ങൾ


സ്വന്തം ലേഖകൻ
Published on May 12, 2026, 12:00 AM | 1 min read
പാലക്കാട്
അവധിക്കാലം പൂർത്തിയാകാൻ ഇനിയും ദിവസങ്ങൾ ബാക്കി, കാത്തിരിക്കേണ്ടി വന്നില്ല കുഞ്ഞുകൈകളിൽ പാഠപുസ്‌തകങ്ങളെത്തി. ജില്ലയിലെ സ്കൂളുകളിൽ ഇതുവരെ വിതരണം ചെയ്തത് 21.25 ലക്ഷം പാഠപുസ്‌തകങ്ങൾ. ആകെ 32.57 ലക്ഷം പുസ്‌തകങ്ങളാണ് ജില്ലയ്‌ക്കായി ആവശ്യപ്പെട്ടത്. അച്ചടി പൂർത്തിയാക്കി 22.82 ലക്ഷം പുസ്‌തകങ്ങൾ ഇതിനോടകം നാട്ടിലെത്തി. ബാക്കിയുള്ള 1.57 ലക്ഷം പുസ്‌തകങ്ങൾ ധ്രുതഗതിയിൽ സ്കൂളുകളിൽ വിതരണം നടക്കുന്നു. ഇനി ലഭിക്കാനുള്ള 9.74 ലക്ഷം പുസ്‌തകങ്ങൾ വരും ദിവസങ്ങളിൽ ജില്ലയിലെത്തും. സർക്കാർ, എയ്‌ഡഡ്, അൺഎയ്‌ഡഡ് വിഭാഗങ്ങളിലായി ജില്ലയിലെ 914 സ്കൂളുകളിലാണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. ഷൊർണൂരിൽ പ്രവർത്തിക്കുന്ന ജില്ലാ ഹബ്ബിലാണ് പുസ്‌തകങ്ങൾ സൂക്ഷിക്കുന്നതും വിവിധ ഉപജില്ലകളിലേക്ക് കയറ്റി അയക്കുന്നതും. വണ്ടിനിറയെ എത്തുന്ന പുസ്‌തകങ്ങൾ വിഷയാടിസ്ഥാനത്തിലും കൃത്യമായ എണ്ണത്തിലും തരംതിരിച്ച് പായ്ക്ക് ചെയ്യുന്നത് കുടുംബശ്രീ പ്രവർത്തകരാണ്. കുടുംബശ്രീയുടെ കീഴിലുള്ള സൂപ്പർവൈസർമാർക്കാണ് പ്രവർത്തനങ്ങളുടെ ചുമതല. പുസ്തകങ്ങള്‍ തരംതിരിച്ച് കെട്ടാക്കി ഓരോ സ്കൂളിന്റെയും പേരെഴുതിയ ലേബല്‍ പതിപ്പിച്ചാണ് വിതരണം. ഓരോ സ്കൂളുകളും ആവശ്യപ്പെടുന്ന എണ്ണത്തിനനുസരിച്ചാണ് പുസ്‌തകങ്ങൾ എത്തിക്കുക. ശേഷം സ്കൂളിലെത്തുന്ന പുസ്‌തകങ്ങൾ നേരിട്ട് കുട്ടികൾക്ക് കൈമാറും. ഇതിന് അധ്യാപകരാണ് നേതൃത്വം കൊടുക്കുന്നത്. ജനുവരിയിലാണ് ജില്ലയിലേക്ക് ആദ്യ ലോഡ് എത്തിയത്. പത്താംതരംവരെയുള്ള നാന്നൂറിനുമേലെ ടൈറ്റിലുള്ള പുസ്‌തകങ്ങൾ കൂട്ടത്തിലുണ്ടായി. ഫെബ്രുവരിയിലെ സംസ്ഥാനതല ഉദ്‌ഘാടനത്തിനുശേഷമാണ് സ്കൂളുകളിൽ വിതരണം ആരംഭിച്ചത്. അവധിക്കാലത്തുതന്നെ മുഴുവൻ വിദ്യാർഥികൾക്കും പുസ്‌തകങ്ങൾ എത്തിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം പൂവണിയുമ്പോൾ അധ്യാപകരും വിദ്യാർഥികളും ഇരട്ടി സന്തോഷത്തിലാണ്. എൽഡിഎഫ് സർക്കാർ അധികാരമേറ്റതുമുതൽ എല്ലാ വർഷവും കൃത്യമായി പാഠപുസ്‌തകം വിതരണം ചെയ്‌തിട്ടുണ്ട്. വരുംവർഷങ്ങളിലും ഇതുപോലെ സുഗമമായി പുസ്‌തക വിതരണം സാധിക്കുമോയെന്ന ആശങ്കയിലാണ് അധ്യാപകരും വിദ്യാർഥികളും.











0 comments