ടെറാകോട്ടയിൽ ഗുരുദക്ഷിണ

സദനം ഹരികുമാർ തന്റെ ശിൽപ്പങ്ങൾക്ക് മുന്നിൽ
വേണു കെ ആലത്തൂർ
Published on May 08, 2026, 01:26 AM | 1 min read
പാലക്കാട്
പഠിപ്പിച്ച ഗുരുനാഥന്മാരുടെ ഓർമകൾക്ക് ചന്തം പകരാനും അവരെ എന്നും കാണാനും അപൂർവമായ ശിൽപ്പമ്യൂസിയമൊരുക്കിയിരിക്കയാണ് പേരൂർ ഗാന്ധി സേവാസദനം കഥകളി അക്കാദമി സെക്രട്ടറി ഡോ. സദനം കെ ഹരികുമാർ. അക്കാദമിയിലെ അരീന മാതൃകയിലുള്ള തിയറ്ററിലാണ് 24 ഗുരുക്കന്മാരുടെ ശിൽപ്പങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. ആട്ടക്കഥകളിലൂടെ പ്രശസ്‌തനായ സദനം ഹരികുമാർ തന്നെയാണ് ശിൽപ്പങ്ങൾ നിർമിച്ചത്. അപൂർവമായ ടെറാകോട്ടയിൽ ജീവനുള്ളപോലെ തോന്നിപ്പിക്കുന്ന ശിൽപ്പങ്ങൾക്ക് ചാരുതയും ഏറെയാണ്. സദനത്തിൽ വിവിധ കാലഘട്ടങ്ങളിൽ കഥകളി, വേഷം, ചുട്ടി, ചെണ്ട തുടങ്ങിയവ പഠിപ്പിച്ച ഗരുക്കന്മാരുടെ ശിൽപ്പങ്ങളാണ് സദനം ഹരികുമാർ ചില്ലിട്ട് സംരക്ഷിച്ചിരിക്കുന്നത്. ഇവരുടെ ഓർമകൾ സദനത്തിൽ എന്നും നിലനിൽക്കാനും അവരുടെ സംഭാവനകൾ പുതുതലമുറയ്‌ക്ക് പകർന്നുനൽകാനുമാണ് ഇത് സജ്ജമാക്കിയതെന്ന് അദ്ദേഹം പറയുന്നു. മൂത്തമന കേശവൻ നമ്പൂതിരി, കടത്തനാട്ട് ഗോവിന്ദൻ നമ്പീശൻ, കലാമണ്ഡലം കൃഷ്ണൻ നായർ, കലാമണ്ഡലം ഉണ്ണികൃഷ്ണ കുറുപ്പ്, കലാമണ്ഡലം അച്ചുണ്ണി പൊതുവാൾ, കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, കവളപ്പാറ നാരായണൻ നായർ, പല്ലശന ചന്ദ്രമന്നാടിയാർ, വെള്ളിനേഴി നാണുനായർ, കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ, ഗോവിന്ദവാരിയർ, സദനം കുമാരൻ (സദനം സ്ഥാപകൻ), സരോജിനി അമ്മ (സദനം കുമാരന്റെ പത്നി), കലാമണ്ഡലം രാമൻകുട്ടി നായർ, കീഴ്പ്പടം കുമാരൻനായർ, തേക്കിൻ കാട്ടിൽ രാവുണ്ണിനായർ, തിരിവില്വാമല വെങ്കിച്ചസ്വാമി, പട്ടിക്കാംതൊടി രാമുണ്ണിമേനോൻ, വെങ്കിടകൃഷ്ണ ഭാഗവതർ, സി എസ് കൃഷ്ണ അയ്യർ, പാലൂർ അച്യുതൻ, അച്യുത വാരിയർ, അപ്പുക്കുട്ടി പൊതുവാൾ, കോട്ടക്കൽ കൃഷ്ണൻകുട്ടി നായർ എന്നിവരുടേതാണ് അർധകായ പ്രതിമകൾ. ജില്ലയിൽതന്നെ അപൂർവമായാണ് ഇത്രയും ശിൽപ്പങ്ങളുള്ള മ്യൂസിയമുള്ളത്. സ്വാതന്ത്ര്യ സമരസേനാനി സദനം കുമാരൻ 1953ലാണ് കഥകളി പഠനവും അവതരണവും പ്രധാന ലക്ഷ്യമാക്കി സദനം അക്കാദമി സ്ഥാപിച്ചത്. കേന്ദ്ര–കേരള സർക്കാരുകളുടെ സാംസ്‌കാരിക വകുപ്പുകളുടെ സംയുക്തമായ സൊസൈറ്റിക്കാണ് ഇതിന്റെ നടത്തിപ്പുചുമതല. സൊസൈറ്റിയുടെ സെക്രട്ടറിയാണ് സദനം ഹരികുമാർ.










0 comments