സാങ്കേതിക സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്
എസ്എഫ്ഐ മുന്നേറ്റം


സ്വന്തം ലേഖകൻ
Published on Oct 17, 2026, 02:00 AM | 1 min read
പാലക്കാട്
സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലെ ജില്ലയിലെ എൻജിനിയറിങ് കോളേജുകളിൽ തെരഞ്ഞെടുപ്പ് പൂർത്തിയായി. ശ്രീകൃഷ്ണപുരം ഗവ. എൻജിനിയറിങ് കോളേജിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം നേടി. ഏഴ് ജനറൽ സീറ്റുകളിൽ ആറെണ്ണവും എസ്എഫ്ഐ സ്വന്തമാക്കി. അകത്തേത്തറ എൻഎസ്എസ് എൻജിനിയറിങ് കോളേജിൽ സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലറുടെ നിയമവിരുദ്ധ ഇടപെടലിനും നാടകീയമായ നിയമപോരാട്ടങ്ങൾക്കും ഒടുവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ പാനലിലെ 25 സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകൾ തള്ളിയ റിട്ടേണിങ് ഓഫീസറുടെയും കോളേജ് അധികൃതരുടെയും നടപടി ഹൈക്കോടതി റദ്ദാക്കുകയും മുഴുവൻ എസ്എഫ്ഐ സ്ഥാനാർഥികളെയും തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കെടിയു വൈസ് ചാൻസലർ കോളേജ് പ്രിൻസിപ്പലിന് അയച്ച പേഴ്സണൽ മെയിലിലൂടെയാണ് എസ്എഫ്ഐ വിദ്യാർഥികളുടെ നോമിനേഷൻ തള്ളിയത്. 25 എസ്എഫ്ഐ സ്ഥാനാർഥികളുടെ ഉൾപ്പെടെ 27 പേരുടെ പത്രികകൾ തള്ളിയിരുന്നു. തുടർന്ന് എസ്എഫ്ഐ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടുകയായിരുന്നു. എന്നാൽ വൈസ് ചാൻസലർ സർവകലാശാല സ്റ്റാൻഡിങ് കൗൺസിൽ മുഖേന ഇതിനെതിരെ അപ്പീൽ പോയി ഡിവിഷൻ ബെഞ്ചിൽനിന്ന് സ്റ്റേ ഉത്തരവ് വാങ്ങിയതോടെ തെരഞ്ഞെടുപ്പ് കൂടുതൽ സങ്കീർണമായി. ഇതിന്റെ വിധി പറയാൻ 23ലേക്ക് കോടതി മാറ്റിയിരിക്കെ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. ആകെ 54 ക്ലാസുകളിൽ 33 സീറ്റുകളിൽ യുഡിഎസ്എഫ് സഖ്യവും എസ്എഫ്ഐ 21 സീറ്റുകളിലും വിജയം നേടി. ഭരണതലത്തിലെ ഒത്താശയോടെയും നോമിനേഷനുകൾ തള്ളിയും വിദ്യാർഥികളെ പ്രതിസന്ധിയിലാക്കിയ പ്രതികൂല സാഹചര്യങ്ങളിലും 21 സീറ്റുകൾ സ്വന്തമാക്കാൻ എസ്എഫ്ഐക്കായി.









0 comments