തസ്രാക്കിനെ മാറ്റിനിർത്തി പാലക്കാടിനെപ്പറ്റി പറയുകയെന്നത് അസാധ്യം. ആ ദേശം അത്രമേൽ ഹൃദയങ്ങളിൽ കൊരുത്തിരിക്കുന്നു–‘ഖസാക്കിന്റെ ഇതിഹാസം’ എന്ന ഒറ്റ നോവലിലൂടെ
കഥയുടെ ഞാറ്റുപുര

തസ്രാക്കിലെ ഒ വി വിജയൻ സ്മാരകത്തിലെ ഞാറ്റുപുര
വേണു കെ ആലത്തൂർ
Published on May 16, 2026, 01:41 AM | 1 min read
ചെതലിമലയുടെ താഴ്‌വാരത്തെ കാറ്റ് ഇപ്പോഴും കഥകൾ പറയുന്നുണ്ട്. അതിൽ നിറയെ ഓർമകളുടെ മഷിപ്പാടുകൾ. ജീവിതാവസ്ഥകളുടെ വ്യാഖ്യാനങ്ങൾ. തസ്രാക്കിനെ മാറ്റിനിർത്തി പാലക്കാടിനെപ്പറ്റി പറയുകയെന്നത് അസാധ്യം. ആ ദേശം അത്രമേൽ ഹൃദയങ്ങളിൽ കൊരുത്തിരിക്കുന്നു–‘ഖസാക്കിന്റെ ഇതിഹാസം’ എന്ന ഒറ്റ നോവലിലൂടെ. 1968 ൽ മാതൃഭൂമി വാരികയിൽ ഖണ്ഡശ പ്രസിദ്ധീകരിച്ച നോവൽ 1969ൽ ആദ്യ പതിപ്പിറങ്ങി. വിശേഷണങ്ങളുടെ വെൺതിളക്കമുള്ള വാക്കുകൾക്കുമപ്പുറം ഇൗ നോവലിലൂടെ ഒ വി വിജയൻ മലയാളികളുടെ മനസ്സുകളിൽ നിറഞ്ഞു. ചെതലിമലയുടെ മിനാരങ്ങളും ഷേയ്ക്കിന്റെ കല്ലറയും രാജാവിന്റെ പള്ളിയും അറബിക്കുളവും പോതി കുടിപാർക്കുന്ന പുളിങ്കൊമ്പും...അങ്ങനെ എത്ര കാഴ്‌ചകൾ. പക്ഷെ, നോവലിൽ കഥാപാത്രങ്ങൾക്കും ദേശാടയാളങ്ങൾക്കും മീതെയുള്ള ഇടമാണ് ഞാറ്റുപുര. നോവലിലെ നായകൻ രവി സ്ഥലത്തെ പ്രമാണിയായ ശിവരാമൻനായരുടെ ഞാറ്റുപുരയിൽ ഏകാധ്യാപകവിദ്യാലയം ആരംഭിക്കുന്നു. ഞാറ്റുപുര ഇന്ന് ഒ വി വിജയന്റെ ഓർമ തുടിക്കുന്ന ‘തിയറ്റർ ഓൺ ഡിമാന്റ്’ ആണ്. അദ്ദേഹത്തിന്റെ ജീവിതത്തെ പുതുതലമുറയ്‌ക്ക് ഇവിടെ അറിയാം. വെറും കഥാകാരൻ മാത്രമല്ലായിരുന്നു വിജയൻ. ഇന്ത്യയിലെ ഏറ്റവും മികച്ച കാർട്ടുണിസ്‌റ്റ്‌കൂടിയായിരുന്നു അദ്ദേഹം. ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയ എന്നിവരെയൊക്കെ നിശിതമായി വിമർശിക്കുന്ന കാർട്ടൂണുകൾ നിർഭയം വരച്ചിരുന്നു. അതെല്ലാം ഇവിടെ കാണാം. ഒ വി വിജയന്റെ ജീവിതം ദൃശ്യവൽക്കരിക്കുന്ന ഡോക്യുമെന്ററികളുമുണ്ട്. ഒ വി വിജയൻ സ്‌മാരക സമിതിയാണ് തസ്രാക്കിലെ ഇൗ കഥാലോകത്തെ വരും തലമുറയ്‌ക്ക് പ്രയോജനപ്പെടുംവിധം മാറ്റിതീർത്തത്. മറ്റ് നിരവധി വികസന പ്രവർത്തനങ്ങളും നടന്നുവരുന്നു. അദ്ദേഹത്തിന്റെ നോവലുകളുടെ കാലിഗ്രഫി, എഴുത്തുകൾ, കവർചിത്രങ്ങൾ എന്നിവയിലൂടെയും നമുക്ക് സഞ്ചരിക്കാം. വഴിയമ്പലത്തിൽ സഞ്ചരിക്കുന്പോൾ നമുക്ക് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളേയും പരിചയപ്പെടാം. സാംസ്‌കാരിക വകുപ്പിന് കീഴിലാണ് ഒ വി വിജയൻ സ്‌മാരകസമിതി. ടി കെ നാരായണദാസ് ചെയർമാനും ടി ആർ അജയൻ സെക്രട്ടറിയുമായാണ് സമിതി.










0 comments