കോൺഗ്രസ് നേതാക്കൾക്ക് മർദനം; രമ്യ ഹരിദാസിനെതിരെ കേസെടുത്തു

മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍
തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് നേതാക്കളെ മർദിച്ച സംഭവത്തിൽ എംഎൽഎ രമ്യ ഹരിദാസിനെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ എംഎൽഎയും പരാതി നൽകി. ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലം, മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് എന്നിവരുൾപ്പടെ ഏഴുപേർക്കെതിരെയാണ് രമ്യ ഹരിദാസിന്റെ പരാതിയിൽ കേസെടുത്തത്. കൂടാതെ സജാദിന്റെ ഭാര്യ നൽകിയ പരാതിയിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രാവിലെ ഇരുവരെയും മൊഴി രേഖപ്പെടുത്തിയ ശേഷം എഫ്ഐആർ രജിസ്‌റ്റർ ചെയ്യും.
കോൺഗ്രസ് നേതാക്കളെ എംഎൽഎ രമ്യ ഹരിദാസും സംഘവും വീട്ടിൽ കയറി മർദിക്കുകയായിരുന്നു. എംഎൽഎയുടെ സന്തത സഹചാരിയായ കോഴിക്കോട് സ്വദേശി പാളയം പ്രദീപ് ചിറയിൽകീഴ് മണ്ഡലത്തിൽ അനാവശ്യമായി ഇടപെടുന്നത് ചോദ്യം ചെയ്തതിനാണ് തങ്ങളെ മർദിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നു. കോൺഗ്രസ് പൂന്തുറ മണ്ഡലം വൈസ് പ്രസിഡന്റ് എസ് സജാദിന്റെ പുളിമൂടിലുള്ള വീട്ടിലെത്തിയാണ് രമ്യ ഹരിദാസും പാളയം പ്രദീപും അടങ്ങുന്ന സംഘം പ്രദേശത്തെ നേതാക്കളെ ആക്രമിച്ചത്.
പാളയം പ്രദീപ് ആരാണെന്ന് എംഎൽഎയോട് ചോദിച്ചയുടനെ "നീ ആരെടാ" എന്ന് ആക്രോശിച്ച് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലത്തിന്റെ മുഖത്തടിക്കുകയായിരുന്നു. എംഎൽഎയും പാളയം പ്രദീപും തന്റെ മകളെയും ഭാര്യയെയും ഭീഷണിപ്പെടുത്തിയെന്ന് സജാദ് പറഞ്ഞു. സജാദിന്റെ മകളെക്കൊണ്ട് നേരത്തെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പ് നിർബന്ധിച്ച് ഉറക്കെ വായിപ്പിക്കുകയും ചെയ്തു. കുട്ടി ഭയന്ന് കരഞ്ഞതോടെയാണ് സജിത്ത് മുട്ടപ്പലം ഉൾപ്പെടെയുള്ളവർ ഇടപെട്ടത്. ഇതിനിടെയാണ് സജിത്തിന് മർദനമേറ്റത്. വീട്ടുപകരണങ്ങളും അക്രമികൾ തല്ലിത്തകർത്തു.
താനും മക്കളും മാത്രമുള്ള വീട്ടിലേക്കാണ് എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം കയറിവന്ന് അതിക്രമം കാണിക്കുകയായിരുന്നുവെന്ന് സജാദിന്റെ ഭാര്യയും പറഞ്ഞു. പാളയം പ്രദീപ് മകളെ വിളിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഉച്ചത്തിൽ വായിക്കാൻ പറഞ്ഞു. പലതവണ പോസ്റ്റ് വായിക്കാൻ പറഞ്ഞ് മകളെ ഭീഷണിപ്പെടുത്തി. മകൾ വല്ലാതെ പേടിച്ചു. പോസ്റ്റ് വായിക്കില്ല എന്ന് പറഞ്ഞപ്പോൾ പ്രദീപ് തന്നെ പിടിച്ച് തള്ളി. ഇതോടെയാണ് സംഘർഷം ഉണ്ടായതെന്നും സജാദിന്റെ ഭാര്യ നൽകിയ പരാതിയിൽ പറയുന്നു.









0 comments