ad
Deshabhimani

ഉത്സവപ്പിരിവ് നൽകിയില്ല; ബസ് ജീവനക്കാരെ കൈയേറ്റം ചെയ്‌തതായി പരാതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 21, 2026, 12:54 AM | 1 min read

എലപ്പുള്ളി

പാലക്കാട്-–പൊള്ളാച്ചി പാതയിലെ എലപ്പുള്ളി മേഖലയിൽ ഉത്സവപ്പിരിവിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ബസ്‌ ജീവനക്കാരെ ബിജെപി – ആർഎസ്‌എസ്‌ പ്രവർത്തകരടങ്ങിയ അമ്പലക്കമ്മിറ്റി ഭാരവാഹികൾ മർദിച്ചു. തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് ഡ്രൈവർ റോഡിൽ ബസ് നിർത്തിയിട്ടതോടെ പ്രദേശത്ത്‌ ഒരുമണിക്കൂർ ഗതാഗതം മുടങ്ങി. ബുധൻ പകൽ ഒന്നിന്‌ എലപ്പുള്ളി വള്ളേക്കുളത്താണ് സംഭവം. വള്ളേക്കുളം മാരിയമ്മൻ ക്ഷേത്രത്തിൽ ചൊവ്വാഴ്ച പൂജ ഉത്സവം നടന്നു. ഇതിന്റെ ഭാഗമായി ക്ഷേത്രം ഭാരവാഹികൾ വാഹനങ്ങളിൽനിന്ന് പണം പിരിച്ചിരുന്നു. പാലക്കാട്–-കൊഴിഞ്ഞാമ്പാറ റൂട്ടിലോടുന്ന സ്വകാര്യ ബസ് തടഞ്ഞ് പണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. തുടർന്നുണ്ടായ തർക്കം അപ്പോൾത്തന്നെ പരിഹരിക്കുകയും ചെയ്‌തു, എന്നാൽ, ബുധൻ ഉച്ചയോടെ അമ്പലത്തിന് സമീപത്തെത്തിയ ആ ബസിനെ ബിജെപി– ആർഎസ്‌എസ്‌ പ്രവർത്തകരുടെ നേതൃത്വത്തിൽ തടഞ്ഞ്‌ ജീവനക്കാരെ മർദിക്കുകയായിരുന്നു. പിന്നാലെ ഡ്രൈവർ ബസ് റോഡിന് കുറുകെ നിർത്തി. സംഭവത്തിൽ ബിജെപി പ്രവർത്തകരായ രണ്ടുപേർക്കും ബസ് ജീവനക്കാരനും പരിക്കേറ്റു. ഡ്രൈവറെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് മേഖലയിൽ ഒരുവിഭാഗം ബസ് ഉടമകൾ നാലുമണിക്കൂർ മിന്നൽ പണിമുടക്കും നടത്തി. കസബ ഇൻസ്‌പെക്ടർ അമൃത് രംഗൻ, സബ് ഇൻസ്‌പെക്ടർ എച്ച് ഹർഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്‌. തങ്ങളുമായി കൂടിആലോചിക്കാതെയാണ് ബസ് ജീവനക്കാർ സമരം നടത്തിയതെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ നേതൃത്വം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home