സുസ്ഥിര തൃത്താല പദ്ധതി മാതൃകാപരം
മന്ത്രിയെ അഭിനന്ദിച്ച് ജാർഖണ്ഡ് ടീം

കൂറ്റനാട്
സുസ്ഥിര തൃത്താല പദ്ധതി ആവിഷ്കരിച്ച മന്ത്രി എം ബി രാജേഷിനെ അഭിനന്ദിച്ച് ജാർഖണ്ഡ് ടീം. ഭൂഗർഭ ജലവിതാനത്തിൽ വരുത്തിയ വർധന മാതൃകാപരമാണെന്നും വിലയിരുത്തി. ഈ മാതൃക ജാർഖണ്ഡിൽ പ്രാവർത്തികമാക്കുന്നത് സംബന്ധിച്ചും മന്ത്രിയുമായി ആശയ വിനിമയം നടത്തി. പദ്ധതി നടപ്പാക്കിയ നാഗലശേരി പഞ്ചായത്തിലെ പാപ്പികുളം, മാങ്ങാട്ടുകുളം, വിവിധ കൃഷിയിടങ്ങൾ, കിണർ റീചാർജിങ് പ്രവർത്തനങ്ങൾ എന്നിവ സംഘം സന്ദർശിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വം, പൊതുജന പങ്കാളിത്തം എന്നിവ മനസ്സിലാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട വകുപ്പുകളുടെയും ഏജൻസികളുടെയും സംയോജനം കില ഡയറക്ടർ ജനറൽ എ നിസാമുദ്ദീൻ വിശദീകരിച്ചു. ജാർഖണ്ഡിലെ 13 ജില്ലകളിലെ ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമീഷണർമാർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ ഉൾപ്പെടെയുള്ള മുപ്പതംഗ സംഘമാണ് തൃത്താലയിലെത്തിയത്. കിലയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആർ കുഞ്ഞുണ്ണി, പഞ്ചായത്ത് പ്രസിഡന്റുമാരായ ഡോ. ടി വി നിഷ, കെ പി വിബിലേഷ്, സുസ്ഥിര തൃത്താല പദ്ധതി കോ–ഓർഡിനേറ്റർ പി സെയ്തലവി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ഇവർക്കൊപ്പം പങ്കെടുത്തു.










0 comments