35 ശതമാനംവരെ വിലക്കുറവ്
സപ്ലൈകോയിൽ സൂപ്പർ കച്ചവടം

പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപത്തെ സപ്ലൈകോ പീപ്പിൾ ബസാറിൽ സാധനങ്ങൾ വാങ്ങാനെത്തിയവരുടെ തിരക്ക്

സ്വന്തം ലേഖകൻ
Published on Apr 14, 2026, 12:00 AM | 1 min read
പാലക്കാട്
വിഷുക്കച്ചവടം പൊടിപൊടിച്ച് സപ്ലൈകോ ചന്തകൾ. കുറഞ്ഞ വിലയിൽ വീട്ടുസാധനങ്ങൾ സ്വന്തമാക്കാൻ കുടുംബങ്ങളുടെ നീണ്ട നിര. സപ്ലൈകോ സൂപ്പർ സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാറുകൾ, സിഗ്‌നേച്ചർ മാർട്ടുകൾ എന്നിവിടങ്ങളിലാണ് വിഷുവിപണി തകൃതിയായി നടക്കുന്നത്. ഏപ്രിൽ രണ്ടിനാണ് സപ്ലൈകോ കേന്ദ്രങ്ങളിൽ വിപണി ആരംഭിച്ചത്. നിത്യോപയോഗ സാധനങ്ങൾ പൊതുവിപണിയിലുള്ളതിനേക്കാൾ 35 ശതമാനംവരെ വിലക്കുറവിൽ ലഭിക്കുമ്പോൾ എന്തിന് പുറത്തുനിന്ന് വാങ്ങണമെന്നാണ് ജനങ്ങൾ പറയുന്നത്. 1,001 രൂപയ്‌ക്ക് ലഭിക്കുന്ന വിഷുക്കണി കിറ്റാണ് താരം. പായസം മിക്സ്, മിൽമ നെയ്യ്, ശബരി വെളിച്ചെണ്ണ, ശർക്കരപ്പൊടി, പഞ്ചസാര, വിവിധതരം പരിപ്പുകൾ, മസാലപ്പൊടി എന്നിങ്ങനെ പൊതുവിപണിയിൽ 1,250 രൂപ വിലയുള്ള 16 ഇനങ്ങളാണ് കിറ്റിലുള്ളത്. വിഷുവിനോടനുബന്ധിച്ച് സംഘടിപ്പിച്ച ‘വിഷുക്കൈനീട്ടം' ഡിസ്‌കൗണ്ട് കൂപ്പൺ പദ്ധതിയാണ് ഇത്തവണത്തെ പ്രധാന ആകർഷണം. സപ്ലൈകോ ഔട്ട്‌ലറ്റുകളിൽനിന്ന് ആയിരം രൂപയ്‌ക്കുമുകളിൽ സബ്‌സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്ന നിരവധിപേർ കൂപ്പൺ സ്വന്തമാക്കി. ഇവർക്ക് 16 മുതൽ മെയ് 30 വരെയുള്ള ദിവസങ്ങളിൽ വീണ്ടും ആയിരം രൂപയ്‌ക്കുമുകളിൽ സാധനങ്ങൾ വാങ്ങിയാൽ പ്രത്യേക ഇളവ് ലഭിക്കും. കോങ്ങാട്ടിൽ ആരംഭിച്ച കുടുംബശ്രീ ജില്ലാ വിപണന മേളയിലും തിരക്കുണ്ട്. പച്ചക്കറി, പഴങ്ങൾ, വസ്‌ത്രം, ജ്യൂട്ട് ഉൽപ്പന്നങ്ങൾ, അടുക്കള ഉപകരണങ്ങൾ, വിത്തുകൾ, പന കരിപ്പെട്ടി, അച്ചാറുകൾ, കരകൗശല വസ്‌തുക്കൾ, വിഷുക്കണി ഐറ്റങ്ങൾ തുടങ്ങിയവയാണ് മേളയിലുള്ളത്.
നൂറുകോടി വിറ്റുവരവ്
ഈസ്റ്റർ-വിഷു വിപണിയിൽ 13 ദിവസത്തിനുള്ളിൽ നൂറുകോടി വിറ്റുവരവുമായി സപ്ലൈകോ. ഏപ്രിൽ ഒന്നുമുതൽ ആരംഭിച്ച ഈസ്റ്റർ-വിഷു ഫെയറുകൾ അടക്കമുള്ള വിൽപ്പനശാലകളിലെ വിറ്റുവരവാണിത്.14വരെ സപ്ലൈകോ മാവേലി സ്റ്റോറുകൾ ഒഴികെയുള്ള വിൽപ്പനശാലകളാണ് ഈസ്റ്റർ-വിഷു ഫെയറുകളായി മാറുന്നത്.










0 comments