സഞ്ചി നിറയെ സന്തോഷം
വിലക്കുറവിന്റെ സപ്ലൈകോ ഗാഥ

കോട്ടമൈതാനത്തെ കൺസ്യുമർഫെഡ് ത്രിവേണി മാർക്കറ്റ്
റഹനാസ് മടിക്കൈ
Published on Apr 05, 2026, 02:36 AM | 1 min read
പാലക്കാട്
കാലിയായ അലമാരകൾ, പഴകിയ ഭക്ഷ്യസാധനങ്ങൾ, പൊടിപിടിച്ച കുപ്പികൾ– ഒരുകാലത്ത് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളുടെ മുഖമുദ്രയായിരുന്നു ഇൗ കാഴ്‌ച. അതുമാറി 10 വര്‍ഷം തികയുന്നു. ഓരോ ഉത്സവകാലങ്ങളിലും സപ്ലൈകോയുടെ വിൽപ്പന റെക്കോഡുകൾ മറികടക്കും. ഇൗ ഉയർച്ചയിലേക്ക് നയിച്ചത് ഇച്ഛാശക്തിയുള്ള സര്‍ക്കാർ ഇടപെടൽ. 2011മുതൽ 2016വരെ ഭരിച്ച യുഡിഎഫ് സർക്കാർ സപ്ലൈകോയ്‌ക്ക് വരുത്തിയ കുടിശ്ശിക 475 കോടി രൂപയായിരുന്നു. തുക ലഭിക്കാതായതോടെ മൊത്ത വ്യാപാരികൾ സാധന വിതരണം നിര്‍ത്തി. 922 മാവേലി സ്‌റ്റോറുകളാണ് അന്നുവരെ സംസ്ഥാനത്ത് ഉണ്ടായിരുന്നത്. 2016ൽ എൽഡിഎഫ് സർക്കാർ വന്നതോടെ മാവേലി സ്റ്റോറുകളിൽ കൂടുതൽ സാധനങ്ങൾ എത്തിച്ചു. കൂടുതൽ സൂപ്പർമാർക്കറ്റുകൾ ആരംഭിച്ചു. എണ്ണായിരം കോടിയോളം രൂപയാണ് പത്ത് വര്‍ഷത്തെ എൽഡിഎഫ് സർക്കാർ അനുവദിച്ചത്. എല്ലാ ജില്ലകളിലെയുംപോലെ പാലക്കാട് സംസ്ഥാന വെയര്‍ഹൗസിലും ഏപ്രിലിൽ വിതരണം ചെയ്യേണ്ട സാധനമടക്കം നിറഞ്ഞുനിൽക്കുന്നു. ജനപ്രിയം... ഗ്രാമങ്ങളിലേക്ക് സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളെത്തിച്ചും ഉത്സവകാലത്ത് ഫെയറുകൾ നടത്തിയും ജനപ്രിയമാണ് സപ്ലൈകോ. ആയിരം രൂപയുടെ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുമ്പോൾ 101 രൂപയുടെ വിഷുക്കൈനീട്ടം കൂപ്പൺ നൽകുന്നതാണ് പുതിയ ആകര്‍ഷണം. വിഷുക്കണി സ്‌പെഷ്യൽ ഗിഫ്റ്റിൽ 1251 രൂപയുടെ 17 ഇനങ്ങൾ 1001 രൂപയ്ക്ക് കിട്ടും. ഓണക്കാലത്ത് എവൈ കാര്‍ഡുകൾക്ക് കിറ്റും ശബരി ഉൽപ്പനങ്ങൾക്ക് അഞ്ചുമുതൽ 50 ശതമാനം വരെ സബ്സിഡിയും നൽകിയിരുന്നു. അനാഥാലയങ്ങൾക്കും നാലുപേര്‍ക്ക് ഒരു കിറ്റെന്ന തോതിൽ നൽകി. ഓണക്കാലത്ത് വൈവിധ്യമാര്‍ന്ന കിറ്റുകളാണ് അവതരിപ്പിച്ചത്. കിലോയ്ക്ക് 25 രൂപാ നിരക്കിൽ 20 കിലോ കക്കിനാട് അരി വിതരണംചെയ്‌തതും ഈ വര്‍ഷമായിരുന്നു. വിലക്കുറവിൽ മികച്ച സാധനം നൽകിയും പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് ഗിഫ്റ്റ് കൂപ്പണുകൾ ഏർപ്പെടുത്തിയും ആളുകളെ സപ്ലൈകോ മാര്‍ക്കറ്റുകളിലെത്തിക്കാനുമായി. നറുക്കെടുപ്പുകൾ, ഹാപ്പി അവേഴ്സ് എന്ന പേരിൽ പ്രത്യേക സമയങ്ങളിൽ അധിക സബ്സിഡി എന്നിവയിലൂടെ ജനകീയമാണ് സപ്ലൈകോ.










0 comments